അമേരിക്കയില്‍ വീണ്ടും ബാങ്ക് തകര്‍ച്ച, 2008ന് ശേഷം ആദ്യം; 'സിലിക്കണ്‍ വാലി' തകര്‍ന്നതിനുള്ള കാരണങ്ങള്‍ 

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയില്‍ ഒരു ബാങ്ക് തകര്‍ന്നു
സില്‍ക്കണ്‍ വാലി ബാങ്ക്, ഫോട്ടോ/ എപി
സില്‍ക്കണ്‍ വാലി ബാങ്ക്, ഫോട്ടോ/ എപി

ന്യൂയോർക്ക്: 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി അമേരിക്കയില്‍ ഒരു ബാങ്ക് തകര്‍ന്നു. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച സിലിക്കണ്‍ വാലി ബാങ്കാണ് തകര്‍ന്നത്. നിക്ഷേപകര്‍ ഭയപ്പെടേണ്ടതില്ലെന്നും നിക്ഷപങ്ങള്‍ മുഴുവന്‍ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാക്കിയതായും കാലിഫോര്‍ണിയയിലെ റെഗുലേറ്റര്‍മാര്‍ അറിയിച്ചു. 

ബുധനാഴ്ച ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിന് 225 കോടി ഡോളര്‍ കണ്ടെത്തേണ്ടതുണ്ടെന്ന് സില്‍ക്കണ്‍ വാലി ബാങ്ക് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബാങ്ക് തകരാന്‍ പോകുന്നു എന്ന അഭ്യൂഹത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളോട് നിക്ഷേപം പിന്‍വലിക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ബാങ്ക് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2008ന് ശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു ബാങ്ക് തകരുന്നത്. നിക്ഷേപം നല്‍കാന്‍ കഴിയാതെ വന്നതോടെ റെഗുലേറ്റര്‍ ഇടപെട്ട് ബാങ്ക് അടച്ചുപൂട്ടുകയായിരുന്നു. 48 മണിക്കൂറിനകമാണ് ബാങ്ക് അടച്ചുപൂട്ടലിലേക്ക് എത്തിയത്. നിക്ഷേപം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി വിലയും കൂപ്പുകുത്തിയിരുന്നു.

കോവിഡിന് ശേഷം സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിങ് ഇടിഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. സ്റ്റാര്‍ട്ട് അപ്പ് ഫണ്ടിങ് ഇടിഞ്ഞതോടെ ബാങ്കിന്റെ ഇടപാടുകാര്‍ പണം പിന്‍വലിക്കാന്‍ തുടങ്ങി. ഇതോടെ പണം നല്‍കുന്നതിനായി നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ ബാങ്ക് നിര്‍ബന്ധിതരായി. എന്നാല്‍ മൂല്യം കുറഞ്ഞത് നഷ്ടം നേരിടുന്നതിന് ഇടയാക്കി. 

ബാങ്ക് പൂട്ടിയതോടെ, നിക്ഷേപകരുടെ 17500 കോടി ഡോളര്‍ നിക്ഷേപമാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലായത്. നാഷണല്‍ ബാങ്ക് ഓഫ് സാന്റാ ക്ലാര എന്ന പേരില്‍ പുതിയ ബാങ്ക് രൂപീകരിച്ചതായും എല്ലാവരുടെയും നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നും എഫ്ഡിഐസി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com