ബാങ്കുകളുടെ സേവനത്തില്‍ അതൃപ്തിയുണ്ടോ?,  മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയാലും നഷ്ടപരിഹാരം ; ഓംബുഡ്‌സ്മാന്‍ സ്‌കീം, വിശദാംശങ്ങള്‍

ആര്‍ബിഐ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമാണ് റിസര്‍വ് ബാങ്ക്- ഇന്റഗ്രേറ്റഡ് ഓംബുഡ്മാന്‍ സ്‌കീം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആര്‍ബിഐ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമാണ് റിസര്‍വ് ബാങ്ക്- ഇന്റഗ്രേറ്റഡ് ഓംബുഡ്മാന്‍ സ്‌കീം. വിവിധ ധനകാര്യ സേവനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കി ഉടന്‍ തന്നെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന പദ്ധതിയ്ക്ക് 2021 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കമിട്ടത്.

ആര്‍ബിഐയുടെ മൂന്ന് ഓംബുഡ്‌സ്മാന്‍ പദ്ധതികളെ സംയോജിപ്പിച്ച് ഒറ്റ സംവിധാനമാക്കി മാറ്റിയാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്മാന്‍ സ്‌കീമിന് തുടക്കമിട്ടത്. 2006ലെ ബാങ്കിങ് ഓംബുഡ്മാന്‍ സ്‌കീം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് രൂപം നല്‍കിയ ഓംബുഡ്‌സ്മാന്‍ സ്‌കീം, ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് 2019ല്‍ രൂപം നല്‍കിയ ഓംബുഡ്‌സ്മാന്‍ സ്‌കീം എന്നിവയെയാണ് ഒരു കുടക്കീഴിലേക്ക് കൊണ്ടുവന്നത്.

  വാണിജ്യ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ അടക്കം ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികളും https://cms.rbi.org.in സന്ദര്‍ശിച്ച് നല്‍കാവുന്നതാണ്. ധനകാര്യ സ്ഥാപനങ്ങളില്‍ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന പരാതികളില്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍  പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അഥവാ തൃപ്തികരമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ആര്‍ബിഐ ഓംബുഡ്‌സ്മാനോട് പരാതിപ്പെടാം. അമിതമായി ചാര്‍ജ് ഈടാക്കുക, വഞ്ചന, പണം നല്‍കാതിരിക്കുക, തെറ്റായുള്ള ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അടക്കം എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റിലുള്ളവ ഒഴികെയുള്ള സേവനങ്ങളിലെ ന്യൂനതകളെ കുറിച്ചുള്ള പരാതികള്‍ നല്‍കാവുന്നതാണ്. 

ഓണ്‍ലൈന് പുറമേ തപാല്‍ വഴി സെന്‍ട്രലൈസ്ഡ് റെസീപ്റ്റ് ആന്റ് പ്രോസസ്സിങ് സെന്റര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ചണ്ഡീഗഢ്- 160017 എന്ന വിലാസത്തിലേക്കും പരാതികള്‍ അയക്കാവുന്നതാണ്. പരാതികളുടെ തല്‍സ്ഥിതി കംപ്ലെയ്ന്റ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ( https://cms.rbi.org.in ) കാണാനുള്ള സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 14448 എന്ന നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാവുന്നതാണ്. പ്രാദേശിക ഭാഷകളിലും സംശയങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.

ഓംബുഡ്‌സ്മാന്‍ സേവനം സൗജന്യമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ സേവനത്തില്‍ ന്യൂനത കണ്ടെത്തിയാല്‍ ഉപഭോക്താവിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടാന്‍ ഓംബുഡ്‌സ്മാന് അധികാരമുണ്ട്. ധനകാര്യ സ്ഥാപനങ്ങളുടെ പെരുമാറ്റത്തില്‍ മാനസിക ബുദ്ധിമുട്ട് നേരിട്ടാല്‍ ഉപഭോക്താവിന് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടാനും ഓംബുഡ്‌സ്മാന് കഴിയും. ഓംബുഡ്‌സ്മാന്റെ സേവനത്തില്‍ തൃപ്തിയില്ലെങ്കില്‍ 30ദിവസത്തിനകം അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാവുന്നതുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com