

ബംഗളൂരു: പൊതുസ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങി പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടേക്കാം. ഫോണിലുള്ള സ്വകാര്യവിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ചോര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുഇടങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഫോണ്‍ ചാര്‍ജ് ചെയ്യാനും ഡേറ്റ കൈമാറാനുമാണ് പ്രധാനമായി യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത്. ഇത് അവസരമായി കണ്ട് ഹാക്കര്‍മാര്‍ ഫോണിലെ ബാങ്കിങ് ഉള്‍പ്പെടെയുള്ള സുപ്രധാന വാര്‍ത്തകള്‍ ചോര്‍ത്തിയെന്ന് വരാം. യുഎസ്ബി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ശരിയായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ ഭീഷണി നിലനില്‍ക്കുന്നതായി സൈബര്‍ സെക്യൂരിറ്റി വിദഗ്ധ ഡോ. ഹര്‍ഷ മുന്നറിയിപ്പ് നല്‍കി. സൈബര്‍ കുറ്റവാളികള്‍ ഡാറ്റ മോഷ്ടിക്കാന്‍ പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാം. ഡാറ്റ മോഷ്ടിക്കുന്നതിനോ മാല്‍വെയര്‍ ഉപകരണങ്ങളിലേക്ക് കടത്തിവിട്ട് തട്ടിപ്പ് നടത്താനോ ഉള്ള സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണ്‍ ബാറ്ററി കുറവാണെങ്കില്‍ കേവലം ചാര്‍ജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാല്‍ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്നില്ല. തട്ടിപ്പുകാര്‍ ഇത് മുതലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും രണ്ട് വഴികളിലൂടെയാണ് സൈബര്‍ കുറ്റവാളികള്‍ ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ആദ്യം, ഒരു പബ്ലിക് യുഎസ്ബി പോര്‍ട്ടില്‍ ഫോണ്‍ പ്ലഗ് ചെയ്യുമ്പോള്‍, സുരക്ഷാ വീഴ്ച കണ്ടെത്തി ഹാക്കര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. ഇത് സാമ്പത്തിക വിവരങ്ങള്‍, പാസ്വേഡുകള്‍, ബാങ്കിങ് വിശദാംശങ്ങള്‍, വ്യക്തിഗത ഫയലുകള്‍ എന്നിവ പോലുള്ള ഡാറ്റ മോഷ്ടിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം, ഇത് ഐഡന്റിറ്റി മോഷണത്തിനോ സാമ്പത്തിക നഷ്ടത്തിനോ കാരണമാകാം. രണ്ടാമതായി, ഫോണില്‍ മാല്‍വെയറോ വൈറസുകളോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സൈബര്‍ കുറ്റവാളികള്‍ യുഎസ്ബി പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്‌തേക്കാം. ഇവ ഉപയോഗിച്ച് ഫോണ്‍ ഡാറ്റ ക്ലോണ്‍ ചെയ്യാനും അത് ഹാക്കറുടെ ഉപകരണത്തിലേക്ക് മാറ്റാനും കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍, പ്രത്യേകിച്ച് പഴയ തലമുറ ഫോണുകള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുഎസ്ബി പോര്‍ട്ട് തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
പൊതു ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
സ്വന്തം ചാര്‍ജിങ് കേബിളുകള്‍ മാത്രം കൊണ്ടുപോയി ഉപയോഗിക്കുക
ഫോണ്‍ ലോക്കുചെയ്യാന്‍ സോഫ്റ്റ് വെയർ സുരക്ഷാ നടപടികള്‍ സ്വീകരിക്കുക
മാല്‍വെയറുകളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ആന്റിവൈറസ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (ആന്റിവൈറസ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍ എന്നിവ പോലുള്ള സ്മാര്‍ട്ട് ഉപകരണങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കാന്‍ സഹായിക്കും)
ചാര്‍ജ് ചെയ്യുമ്പോള്‍ ബ്ലൂടൂത്ത് പ്രവര്‍ത്തനരഹിതമാക്കുക
യുഎസ്ബി ഡ്രൈവറുകള്‍ അപ്‌ഡേറ്റ് ചെയ്യുക
ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഉപയോഗിച്ച് ഫോണോ ഉപകരണമോ അപ്‌ഡേറ്റ് ചെയ്യുക
ശക്തമായ പാസ്വേഡ് ഉപയോഗിച്ച് ഫോണില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാലേഷന്‍ നിയന്ത്രിക്കുക
ചാര്‍ജിംഗ് സ്റ്റേഷനുകളെ ആവശ്യമില്ലാത്ത നെറ്റ്വര്‍ക്ക് കേബിളുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക
അംഗീകൃത ചാര്‍ജിങ് പോയിന്റുകളെ മാത്രം വിശ്വസിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
