ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും പുതുതായി നിരവധി വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നത്. അത്തരത്തില്‍ 2024ല്‍ ഇറങ്ങിയ പ്രമുഖ കാറുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനാണ് നാലാംതലമുറ ഡിസയര്‍. 6.79 ലക്ഷം രൂപ (ഡല്‍ഹി എക്സ്ഷോറൂം വില) മുതലാണ് വില. മാനുവല്‍ ഗിയര്‍ബോക്സ് മോഡലിന് ലിറ്ററിന് 24.79 കിലോമീറ്ററും എഎംടി ബോക്സിന് 25.71 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്. സിഎന്‍ജി വേരിയന്റിന് 33.73 കിലോമീറ്റര്‍ മൈലേജും ലഭിക്കും. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചത്. ഒരു മാരുതി സുസുക്കി മോഡല്‍ ഈ നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതുതലമുറ കാറാണ് ഹോണ്ട അമേസ്. ബേസ് മോഡലിന് എട്ടുലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മുന്‍നിര വേരിയന്റിന് 10.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരിക. അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.CVT ഓപ്ഷന് 19.46 കിലോമീറ്റര്‍ മൈലേജും മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന് 18.65 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഈ 'മിനിസിറ്റിക്ക്' ഹോണ്ട എലിവേറ്റ് എസ്യുവിയോട് ഏറെ സാമ്യമുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് ആറ് സ്റ്റാന്‍ഡേര്‍ഡ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഫോഗ് ലാമ്പുകള്‍, ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡില്‍ സംയോജിപ്പിച്ചിരിക്കുന്ന കാമറ അധിഷ്ഠിത സിസ്റ്റം നല്‍കുന്ന ADAS പ്രവര്‍ത്തനം എന്നിവ കാറില്‍ ക്രമീകരിച്ചിട്ടുണ്ട്.
മഹീന്ദ്രയുടെ ഥാറിന്റെ ഫൈവ് ഡോര്‍ എസ് യുവിയാണ് റോക്‌സ്. പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയാണ് അടിസ്ഥാന വില (എക്സ്ഷോറൂം). ഡീസല്‍ മോഡലിന് 13.99 ലക്ഷം രൂപയാണ് കമ്പനി അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഓഗസ്റ്റ് 15-നാണ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എയര്‍-കോണ്‍ വെന്റുകള്‍, കൂടാതെ ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളുടെ അകമ്പടിയോടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.
ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ഫ്രഞ്ച് കമ്പനിയുടെ ശ്രമമാണ് സിട്രോണ്‍ ബസാള്‍ട്ട്. ടാറ്റ മോട്ടോഴ്‌സിന്റെ കര്‍വുമായി മത്സരിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് ബസാള്‍ട്ട് പുറത്തിറക്കിയത്. ഇതിന്റെ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഇത് ബജറ്റ് അവബോധമുള്ളവര്‍ക്ക് ആകര്‍ഷകമായ ഓപ്ഷനാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ടാറ്റ മോട്ടോഴ്സിന്റെ പുതിയ വാഹനമാണ് കര്‍വ്. ഇലക്ട്രിക് പതിപ്പിന്റെ രൂപകല്പനയോട് ഏറെ കുറെ സമാനമാണ് കര്‍വ് ഐസിഇയുടെ രൂപകല്‍പ്പന. എയര്‍ വെന്റുകള്‍ക്കൊപ്പമുള്ള ഫ്രണ്ട് ഗ്രില്ലിലാണ് വ്യത്യാസം. കൂപ്പെ എസ് യുവി രൂപഭാവത്തിലാണ് വാഹനം. ഇലക്ട്രിക് പതിപ്പിന് സമാനമായി ആകര്‍ഷകമായ ഇന്റീരിയറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിലുള്ളതിന് സമാനമായി 4-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ ഉണ്ട്. ഡാഷ്‌ബോര്‍ഡിന്റെ നീളത്തില്‍ ലൈറ്റിംഗിന്റെ സ്ട്രിപ്പ് ആണ് കൂപ്പെ എസ്യുവിയുടെ മറ്റൊരു പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്യാബിന് ലഭിക്കുന്നു. 9-സ്പീക്കര്‍ ഖആഘ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയുമുണ്ട്. ആറ് എയര്‍ബാഗുകള്‍ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. എഡിഎഎസ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
സെഡാന്റെ സുഖസൗകര്യങ്ങളോടെ ഒരു എസ്യുവിയുടെ പ്രായോഗികത നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സിയുവി ( ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍) ആണ് വിന്‍ഡ്‌സര്‍ ഇവിയെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അവകാശപ്പെടുന്നു. 'പ്യുവര്‍ ഇവി പ്ലാറ്റ്‌ഫോമില്‍' നിര്‍മ്മിച്ച വിന്‍ഡ്‌സറിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. IP67 സര്‍ട്ടിഫൈഡ് ആയ PMS മോട്ടോറുമായാണ് വിന്‍ഡ്‌സര്‍ വരുന്നത്. 4 ഡ്രൈവിംഗ് മോഡുകള്‍ (ഇക്കോ+, ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട്) ഇതില്‍ ഉണ്ട്. ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാം. പിന്നില്‍ 135 ഡിഗ്രി വരെ ചാരിയിരിക്കാന്‍ കഴിയുന്ന സീറ്റാണ് ക്രമീകരിച്ചിരിക്കുന്നത്. കാബിന്‍ ഫീല്‍ ഉയര്‍ത്താന്‍ ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് സണ്‍റൂഫും ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക