മുംബൈ: രണ്ടുദിവസം മുന്നേറ്റം കാഴ്ച വെച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ഇടിഞ്ഞു. ഇന്നലെ വീണ്ടും 80000 കടന്ന് കുതിച്ച സെന്‍സെക്‌സ് ഇന്ന് 79500 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.
ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതാണ് ഇന്ത്യന്‍ വിപണിക്ക് തുണയായത്. ട്രംപ് തിരിച്ചുവരുന്നത് ഇന്ത്യന്‍ വിപണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു ഇന്നലെ വിപണിയില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഇന്ന്, വരാനിരിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാനയവും കമ്പനികളുടെ മോശം രണ്ടാം പാദം ഫലവുമാണ് വിപണിയെ സ്വാധീനിച്ചത്. പലിശനിരക്ക് കുറയ്ക്കുമോ എന്ന ആശങ്കയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ ഇന്ന് വിപണിയില്‍ ഇടപെടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്നലെ ഉണ്ടായ മുന്നേറ്റം മുഴുവനും അതേപോലെ തിരിച്ചിറങ്ങുന്നതാണ് ഇന്ന് കണ്ടത്. വിപണിയില്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യം കണക്കാക്കി നിക്ഷേപകര്‍ വിറ്റൊഴിയുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാനമായി ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര ഓഹരികളാണ് നഷ്ടം നേരിടുന്നത്. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, കോള്‍ ഇന്ത്യ, ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക