ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലായെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും ഇടപാടുകള്‍ സുഗമമായി നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കാമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം. നിരവധി ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാന്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയിലെ എല്ലാ നികുതിദായകരും ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. സമയപരിധിക്ക് മുമ്പ് ഇവ രണ്ടും ലിങ്ക് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കും. ഇത് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്‌സൈറ്റില്‍ പോയി Link Aadhaarല്‍ ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. മൊബൈലില്‍ വരുന്ന ഒടിപി നല്‍കിയാണ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്.
പാന്‍- ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് അറിയാം
www.incometax.gov.inല്‍ പ്രവേശിച്ച് ഹോംപേജിലെ 'Quick Links' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ആധാര്‍ സ്റ്റാറ്റസ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ആധാറുമായി പാന്‍ ലിങ്ക് ചെയ്‌തോ എന്ന് അറിയാന്‍ സാധിക്കും
ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് തെളിഞ്ഞുവരും.
Quick Links ന് കീഴിലുള്ള ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്ത് ആധാറുമായി പാനിനെ ബന്ധിപ്പിക്കാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക