ന്യൂയോര്‍ക്ക്: കോടികളുടെ കൈക്കൂലി കേസില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാനും കോടീശ്വരനുമായ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ അമേരിക്കയില്‍ സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതോടെ, പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി. കേസിന്റെ ഭാഗമായി അദാനിയെയും മറ്റ് ഏഴ് പേരെയും അമേരിക്കയിലേക്ക് കൈമാറുന്നതിനുള്ള ശ്രമം ആരംഭിക്കുന്നതിനും ഇത് വഴിതെളിയിച്ചേക്കാമെന്നും ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര പിടിഐയോട് പറഞ്ഞു.
അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്. ഇവര്‍ താമസിക്കുന്നത് എവിടെയാണോ അവിടെ അറസ്റ്റ് വാറണ്ട് നല്‍കുന്നതിനും യുഎസ് അറ്റോര്‍ണിക്ക് കഴിയുമെന്നും രവി ബത്ര പറഞ്ഞു. 1997ലാണ് കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ ഇന്ത്യയും അമേരിക്കയും ഒപ്പിട്ടത്. പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം പ്രതികളെ കൈമാറാന്‍ അമേരിക്ക ആവശ്യപ്പട്ടാല്‍ നിയമം അനുസരിച്ച് ഇന്ത്യ കൈമാറേണ്ടി വരുമെന്നും രവി ബത്ര പറഞ്ഞു.
ചിലിയന്‍ മുന്‍ പ്രസിഡന്റ് അഗസ്റ്റോ പിനോഷെയുടെ കാര്യത്തിലെന്നപോലെ, ആത്യന്തികമായി, കൈമാറ്റം സംഭവിക്കുന്നത് 'അപൂര്‍വമായ സാഹചര്യങ്ങളിലല്ല' എന്ന് ബത്ര അഭിപ്രായപ്പെട്ടു. യുകെ അദ്ദേഹത്തെ കൈമാറിയത് മാനുഷിക കാരണങ്ങളാല്‍ മാത്രമായിരുന്നില്ല. അദാനിയും മറ്റ് ഏഴുപേരും ഉള്‍പ്പെട്ട ഈ കേസില്‍ പിനോഷെയുടെ കീഴ് വഴക്കം ഇവിടെ കാണാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴു പേര്‍ക്കുമെതിരെ വിലകൂടിയ സൗരോര്‍ജ്ജ വൈദ്യുതി വാങ്ങുന്നതിന് ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് യുഎസ് നീതിന്യായ വകുപ്പ് ആണ് കുറ്റം ചുമത്തിയത്. യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ നിയമങ്ങളും അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഗൗതം അദാനി, സാഗര്‍ അദാനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ അഞ്ചു ക്രിമിനല്‍ കുറ്റങ്ങളാണ് യുഎസ് അറ്റോര്‍ണി ചുമത്തിയത്. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ യുഎസ് നിക്ഷേപകരില്‍ നിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് നേടുന്നതിന് തട്ടിപ്പ് നടത്തുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക