ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗം കുതിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക് ഹോണ്ടയും. രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനപ്രിയ മോഡലായ ആക്ടീവയുടെ ഇലക്ട്രിക് പതിപ്പായ 'ആക്ടീവ ഇ' ആണ് ഇതിലൊന്ന്. ക്യുസി1 ആണ് രണ്ടാമത്തെ മോഡല്‍. സ്വാപ്പബിള്‍ ബാറ്ററിയാണ് 'ആക്ടീവ ഇ'ക്ക് നല്‍കിയിട്ടുള്ളത്. ഫിക്‌സഡ് ബാറ്ററിയാണ് 'ക്യുസി1'ല്‍ ഉള്ളത്.
2025 ഫെബ്രുവരിയോടെ ന്യൂഡല്‍ഹി,ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് 'ആക്ടീവ ഇ' ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരിയില്‍ ബുക്കിങ് തുടങ്ങും. മൂന്ന് നഗരങ്ങളില്‍ ബാറ്ററി സ്വാപ്പ് ചെയ്യാനുള്ള സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ചാര്‍ജ് കഴിഞ്ഞ ബാറ്ററി ഊരിമാറ്റി മറ്റൊന്ന് ഘടിപ്പിക്കാന്‍ സാധിക്കും. പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് അവതിപ്പിക്കുന്നതെന്ന് ഹോണ്ട അറിയിച്ചു. 2030ഓടെ ആഗോളതലത്തില്‍ 30 ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആക്ടീവ ഇ
പെട്രോള്‍ പതിപ്പിന്റെ ബോഡിയും ഫ്രെയിമും അടിസ്ഥാനപ്പെടുത്തിയാണ് 'ആക്ടീവ ഇ'യും ഒരുക്കിയിട്ടുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, സിങ്ക് ഡ്യുവോ എന്നീ രണ്ട് വേരിയന്റുകളില്‍ ഈ മോഡല്‍ ലഭ്യമാകും. 110 സിസി പെട്രോള്‍ വാഹനത്തിനോട് തുല്യമായ സ്‌കൂട്ടറാണിത്. ഊരിമാറ്റാവുന്ന രണ്ട് ബാറ്ററികളാണ് ഇതിലുണ്ടാവുക. ഒറ്റ ചാര്‍ജില്‍
102 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി പറയുന്നത്. സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്, ഇകോണ്‍ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും റിവേഴ്‌സ് മോഡ് ഫീച്ചറും ലഭ്യമാണ്. ബ്ലൂടൂത്ത്, ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന ഫീച്ചറും ലഭ്യമാണ്.
ഹോണ്ട ക്യുസി1
80 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനമാണ് ക്യുസി1. ഇന്ത്യന്‍ മാര്‍ക്കറ്റിന് മാത്രമായി ഹോണ്ട പുറത്തിറക്കുന്ന വാഹനമാണിത്. 2025ല്‍ വിപണിയിലെത്തും. ഏറെക്കുറെ 'ആക്ടീവ ഇ'യോട് സാമ്യമുള്ള രൂപമാണ് ഇതിനുമുള്ളത്. അതേസമയം, എല്‍ഇഡി ഡിആര്‍എല്‍ ഇതില്‍ കാണാനാകില്ല. 1.5 കിലോവാട്ടിന്റെ ഫിക്‌സഡ് ബാറ്ററി പാക്കാണ് 'ക്യുസി1'ല്‍ ഉള്ളത്. 5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, സീറ്റിനടിയിലെ സ്റ്റോറേജ്, യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് തുടങ്ങി ഫീച്ചറുകളും ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക