ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ അപ്‌ഡേറ്റഡ് കാര്‍ണിവല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 63.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂംവില.
പുതുക്കിയ കിയ കാര്‍ണിവല്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. രണ്ടും സെവന്‍ സീറ്റര്‍ കോണ്‍ഫിഗറേഷനിലാണ്. ആഡംബര എംപിവിക്കായി തിരയുന്നവര്‍ക്ക് ഇതൊരു മികച്ച ചോയ്‌സ് ആണെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയില്‍ ടൊയോട്ട ഇന്നോവാ ഹൈക്രോസുമായാണ് ഇത് പ്രധാനമായി മത്സരിക്കുക.
വലിയ ഫ്രണ്ട് ഗ്രില്ലും ബോക്സി ഡിസൈനുമാണ് ഇതിന്റെ ഒരു പ്രത്യേകത. തിളങ്ങുന്ന വീല്‍ ആര്‍ച്ചുകളും എല്‍ ആകൃതിയിലുള്ള ഡിആര്‍എല്ലുകളും പുതിയ കിയ കാര്‍ണിവലിന്റെ ഡിസൈനിന് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു. യാത്രക്കാര്‍ക്ക് എളുപ്പം പ്രവേശിക്കാനും പുറത്തുകടക്കാനും സഹായിക്കുന്ന പിന്നിലുള്ള സ്ലൈഡിംഗ് ഡോറുകളാണ് മറ്റൊരു പ്രത്യേകത.
രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, ബോസ് സ്പീക്കറുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, കണക്റ്റ് ചെയ്ത ടെയില്‍ ലാമ്പുകള്‍, കണക്റ്റ് ചെയ്ത കാര്‍ സാങ്കേതികവിദ്യ എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.
സുരക്ഷയ്ക്കായി 8 എയര്‍ബാഗുകള്‍, ADAS ലെവല്‍ 2, 360-ഡിഗ്രി കാമറ അടക്കം നിരവധി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കാര്‍ണിവലിന് കരുത്തേകുന്നത്. 190 ബിഎച്ച്പിയും 441 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്റെ സാങ്കേതികവിദ്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക