ന്യൂഡല്‍ഹി: ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തെയും അഞ്ചുലക്ഷം രൂപ വരെ കവറേജുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെയും ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയേക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതലസമിതിയുടെ ഇന്നലത്തെ യോഗത്തില്‍ ധാരണയായി. കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലും ഉള്‍പ്പെട്ട സമിതി ഡിസംബറിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കും. ജിഎസ്ടി കൗണ്‍സിലാകും അന്തിമ തീരുമാനമെടുക്കുക.
അതേസമയം അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി തുടരും. 20 ലിറ്റര്‍ കുടിവെള്ള ബോട്ടിലുകള്‍, സൈക്കിളുകള്‍, വ്യായാമ നോട്ട്ബുക്കുകള്‍ എന്നിവയുടെ നികുതി നിരക്ക് 5 ശതമാനമായി കുറയ്ക്കാനും മന്ത്രിതലസമിതിയുടെ യോഗത്തില്‍ ധാരണയായി. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നിരവധി ഇനങ്ങളുടെ നിരക്ക് കുറയ്ക്കാനും പലതിന്റെയും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ഇതിലൂടെ 22,000 കോടി രൂപയുടെ അധിക വരുമാനമാണ് മന്ത്രിതല സമിതി പ്രതീക്ഷിക്കുന്നത്.
നിലവില്‍ ടേം പോളിസികള്‍ക്കും ഫാമിലി ഫ്‌ലോട്ടര്‍ പോളിസികള്‍ക്കും നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തെ പൂര്‍ണമായി ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് മന്ത്രിതലസമിതി തീരുമാനിച്ചത്. 'മന്ത്രിതല സമിതിയിലെ ഓരോ ഓരോ അംഗവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഞങ്ങള്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്തിമ തീരുമാനം കൗണ്‍സില്‍ എടുക്കും.'- സാമ്രാട്ട് ചൗധരി പറഞ്ഞു. 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂകള്‍ക്കും 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകള്‍ക്കും ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ജിഎസ്ടി ഉയര്‍ത്താനാണ് മന്ത്രിതല സമിതിയില്‍ ധാരണയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക