
ന്യൂഡല്‍ഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി ആഗോള വ്യാപാര യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ഭീതിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞു. യുഎസ് അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ബാരലിന് 60 ഡോളറില്‍ താഴെയെത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 64 ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ എണ്ണ വില കുറയുമോ എന്ന ചര്‍ച്ചയും കൊഴുക്കുന്നുണ്ട്.
യുഎസ് അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് മൂന്ന് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. കഴിഞ്ഞാഴ്ച ആറു ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് ഈ ഇടിവ്. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അസംസ്‌കൃത എണ്ണ.
അമേരിക്കയുടെ പകരച്ചുങ്കം സാധനങ്ങളുടെ ഉയര്‍ന്ന വിലയിലേക്ക് നയിച്ചേക്കാമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയാലാകാന്‍ കാരണമായേക്കാം. ഈ ആശങ്ക ആത്യന്തികമായി എണ്ണയുടെ ആവശ്യകതയെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പുതിയ താരിഫ് യുഎസിനെയും ഒരുപക്ഷേ ആഗോള സമ്പദ്വ്യവസ്ഥയെയും ഈ വര്‍ഷം മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാം. താരിഫ് നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഈ വര്‍ഷം മാന്ദ്യത്തിനുള്ള സാധ്യത വര്‍ധിച്ചതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക