
മുംബൈ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ അലയൊലികളില്‍ നിന്ന് ഓഹരി വിപണിയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനത്തിനും സാധിച്ചില്ല. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാന്‍ റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വീണ്ടു കുറച്ചെങ്കിലും അത് വിപണിയില്‍ പ്രതിഫലിച്ചില്ല. ഇന്നലെ ആയിരത്തോളം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 22,500ല്‍ താഴെയാണ്.
സ്‌മോള്‍കാപ്, മിഡ്കാപ് സൂചികകളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത്. ഒന്നരശതമാനമാണ് ഈ സെക്ടറുകളിലെ ഇടിവ്. വിപ്രോ, ടെക് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, ട്രെന്‍ഡ് എന്നിവയാണ് നഷ്ടം നേരിടുന്ന പ്രധാന കമ്പനികള്‍. അതേസമയം ഐടിസി, എംആന്റ്എം, പവര്‍ ഗ്രിഡ്, എച്ച് യുഎല്‍ എന്നി ചുരുക്കം കമ്പനികള്‍ നേട്ടം ഉണ്ടാക്കി. ഓട്ടോ, എഫ്എംസിജി സെക്ടറുകള്‍ ഒഴികെ മറ്റെല്ലാ മേഖലകളും നഷ്ടത്തിലാണ്. സ്വര്‍ണ പണയവുമായി ബന്ധപ്പെട്ട് സമഗ്രമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന ആര്‍ബിഐ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണപണയ സ്ഥാപനങ്ങള്‍ കനത്ത ഇടിവ് നേരിട്ടു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ പത്തുശതമാനം വരെയാണ് ഇടിഞ്ഞത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 30 പൈസയുടെ നഷ്ടത്തോടെ 86.56 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ഭീതിയാണ് നിക്ഷേപകരെ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവാണ് നേരിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക