cochin shipyard |കൊച്ചി ആഗോള കപ്പല്‍ നിര്‍മാണ കേന്ദ്രമാകും; പതിനായിരം കോടിയിലേറെ നിക്ഷേപം, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍

cochin shipyard |കൊച്ചി ആഗോള കപ്പല്‍ നിര്‍മാണ കേന്ദ്രമാകും; പതിനായിരം കോടിയിലേറെ നിക്ഷേപം, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍
Updated on
2 min read

കൊച്ചി: കൊച്ചിക്ക് ഇനി വികസന വസന്തം. ആഗോള സമുദ്ര വാണിജ്യ ഭീമന്മാര്‍ക്ക് വേണ്ടി കൂറ്റന്‍ എണ്ണ ടാങ്കറുകളും കണ്ടെയ്‌നര്‍ ഷിപ്പുകളും കാര്‍ഗോ കപ്പലുകളും ഇനി കൊച്ചിയില്‍ നിര്‍മ്മിക്കും. കപ്പല്‍ നിര്‍മാണ മേഖലയിലെ ആഗോള ഭീമന്മാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കും. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപം കൊച്ചിയെ സമ്പന്നയാക്കും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ആഗോള സമുദ്ര വാണിജ്യ, തുറമുഖ ടെര്‍മിനല്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഉപസ്ഥാപനമായ ഡ്രൈഡോക്‌സ് വേള്‍ഡുമായി കൊച്ചി ഷിപ്‌യാര്‍ഡ് ചൊവ്വാഴ്ച ഒപ്പിട്ട ധാരണാപത്രം കൊച്ചിയെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്റര്‍നാഷണല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി (ISRF) വികസിപ്പിച്ചു വമ്പന്‍ കപ്പലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഷിപ് റിപ്പയര്‍ കേന്ദ്രം സ്ഥാപിക്കാനാണ് കൊച്ചി കപ്പല്‍ശാല ഡ്രൈ ഡോക്‌സ് വേള്‍ഡുമായി കരാര്‍ ഒപ്പിട്ടത്. ദുബായ് രാജകുമാരനും യുഎഇ ഉപ പ്രധാനമന്ത്രിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെയും കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പിട്ടത്.

കൊച്ചി കപ്പല്‍ശാലയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും ആഗോള കപ്പല്‍ നിര്‍മാണ വ്യവസായത്തിലെ ആധുനിക സാങ്കേതികത ലഭ്യമാക്കിയും കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമാക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്.

കൊച്ചി പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് പാട്ടത്തിനെടുത്ത വില്ലിങ്ടണ്‍ ദ്വീപിലെ ഭൂമിയില്‍ സ്ഥാപിച്ച അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ കൊച്ചി കപ്പല്‍ശാല ആറു വര്‍ക്ക് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഷിപ് ലിഫ്റ്റിന് 6000 ടണ്‍ ഭാരവും 135 മീറ്റര്‍ നീളവും 25 വീതിയും ഉള്ള കപ്പലുകള്‍ ഉയര്‍ത്താന്‍ സാധിക്കും. മറ്റു കപ്പല്‍ ശാലകളുമായി ചേര്‍ന്ന് ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍ സംവിധാനം നിര്‍മിക്കാനും കൊച്ചി കപ്പല്‍ ശാലയ്ക്ക് പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 25000 കോടി രൂപയുടെ മാരിടൈം വികസന ഫണ്ട് ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

'പുതിയ സംവിധാനം ഒരുക്കാന്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം വേണം. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,'
മധു എസ് നായര്‍

അതേസമയം, കൊച്ചിയില്‍ 2024ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 310 മീറ്റര്‍ നീളമുള്ള പടുകൂറ്റന്‍ ഡ്രൈഡോക്ക് ഉപയോഗപ്പെടുത്തി വമ്പന്‍ കപ്പല്‍ നിര്‍മാണ കേന്ദ്രമാക്കാനും കൊച്ചി കപ്പല്‍ശാല ലക്ഷ്യമിടുന്നു. ഇതിനായി ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും ആഗോള മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനികളുമായി കൊച്ചി കപ്പല്‍ നിര്‍മാണശാല ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഇതില്‍ ഒന്ന് കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ആണെന്ന് അറിയുന്നു. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നു കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ് നായര്‍ പറഞ്ഞു.

'കൊറിയയിലെ മൂന്നു മുന്‍നിര കപ്പല്‍ നിര്‍മാതാക്കളില്‍ ഒന്നുമായി ഞങ്ങള്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ചില ജാപ്പനീസ് കമ്പനികളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 310 മീറ്റര്‍ നീളമുള്ള ഡ്രൈഡോക്ക് ഉപയോഗപ്പെടുത്തി കൊച്ചിയെ ആഗോള നിലവാരമുള്ള കപ്പല്‍ നിര്‍മാണ കേന്ദ്രമാക്കി വളര്‍ത്താനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമ്മള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പക്ഷെ വന്‍കിട സമുദ്ര വാണിജ്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കണമെങ്കില്‍ ആഗോള നിലവാരത്തിലുള്ള സംവിധാനങ്ങള്‍ വേണം. ഇതിനു വലിയ നിക്ഷേപവും ആവശ്യമാണ്. അതിനാലാണ് അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ കമ്പനികളുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടാം എന്ന് തീരുമാനിച്ചത്,' അദ്ദേഹം പറഞ്ഞു.

വമ്പന്‍ എണ്ണ ടാങ്കറുകളും കണ്ടെയ്‌നര്‍ ഷിപ്പുകളും നിര്‍മിക്കാന്‍ വലിയ ഹള്‍ ഫാബ്രിക്കേഷന്‍ സംവിധാനം സ്ഥാപിക്കേണ്ടി വരും. ഏകദേശം 500 ടണ്‍ ഭാരമുള്ള ഈ സംവിധാനം കടല്‍ വഴി ബാര്‍ജില്‍ എത്തിക്കണം. ഇത് സ്ഥാപിക്കാനായി കപ്പല്‍ശാലയ്ക്ക് കൊച്ചി പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് കൂടുതല്‍ ഭൂമി പാട്ടത്തിനു എടുക്കേണ്ടി വരും. 'പുതിയ സംവിധാനം ഒരുക്കാന്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം വേണം. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,' മധു എസ് നായര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com