
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാതകളില്‍ വൈകാതെ തന്നെ ടോള്‍ അടയ്ക്കുന്ന രീതിയില്‍ വലിയ മാറ്റമുണ്ടാകുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത 15 ദിവസത്തിനുള്ളില്‍ കേന്ദ്രം പുതിയ ടോള്‍ നയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പുതിയ ടോള്‍ നയത്തെ കുറിച്ച് മന്ത്രി സൂചന നല്‍കിയത്.
'കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു പുതിയ ടോള്‍ നയം അവതരിപ്പിക്കും. ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കില്ല. പക്ഷേ അടുത്ത 15 ദിവസത്തിനുള്ളില്‍ ഒരു പുതിയ നയം പ്രഖ്യാപിക്കും. നടപ്പിലാക്കിക്കഴിഞ്ഞാല്‍, ടോളുകളെക്കുറിച്ച് ആര്‍ക്കും പരാതിപ്പെടാന്‍ ഒരു കാരണവും ഉണ്ടാവില്ല'- നിതിന്‍ ഗഡ്കരി പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ടോള്‍ ബൂത്തുകളുടെ ആവശ്യമില്ല. പകരം, സാറ്റലൈറ്റ് ട്രാക്കിങ്ങും വാഹന നമ്പര്‍ പ്ലേറ്റ് തിരിച്ചറിയലും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ ഓട്ടോമാറ്റിക്കായി ഈടാക്കുന്ന രീതിയാണ് നടപ്പാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് മുതല്‍ ഈ നയം നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും നിതിന്‍ ഗഡ്കരി ഇതുവരെ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ടോള്‍ ബൂത്തുകള്‍ ഒഴിവാക്കുന്നതിനും ജിപിഎസ് അധിഷ്ഠിത ടോള്‍ ഈടാക്കല്‍ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫാസ്ടാഗ് സംവിധാനമാണ് വൈകാതെ തന്നെ നിര്‍ത്താന്‍ പോകുന്നത്. പുതിയ സംവിധാനത്തില്‍ ജിപിഎസിന്റെ സഹായത്തോടെ, ടോള്‍ തുക ഡ്രൈവറുടെയോ വാഹന ഉടമയുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് കുറയ്ക്കും. ജിപിഎസ് വഴി വാഹനം നിരീക്ഷിച്ച ശേഷമായിരിക്കും ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക