
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പുതിയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നികുതി ഘടന ലഘൂകരിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുക എന്നും ധനമന്ത്രി പറഞ്ഞു.
നിലവിലെ നികുതി ചട്ടക്കൂട് ലളിതമാക്കാനും ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണ്ണത 60% വരെ കുറയ്ക്കാനും നികുതിദായകര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനും ഉദ്ദേശിച്ചുള്ളതിനാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ പോസ്റ്റിനെ വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കും
ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന്് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉണര്‍വിന് ഇത് കരുത്തുപകരും.
സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച
സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നവീകരണ പ്രക്രിയയിലൂടെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് അനുവദിക്കുക. ഇതുവരെ 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ വാണിജ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും
രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ അടുത്തവര്‍ഷം അധികമായി 10000 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 75000 സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വായ്പാ പരിധി ഉയര്‍ത്തി
പിഎം കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. ചെറുകിട സ്ഥാപന ഉടമകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും. അഞ്ചുലക്ഷം രൂപ വരെ വായ്പാ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ചെറുകിട സ്ഥാപന ഉടമകള്‍ക്ക് നല്‍കുക എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
സ്്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടും ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകളുടെ ക്രെഡിറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ വര്‍ദ്ധിപ്പിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. കയറ്റുമതി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്ക് 20 കോടി രൂപ വരെ വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക