

പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ആഗോള ചട്ടക്കൂടിന് രൂപം നല്‍കാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിശ്വാസ്യത, സുതാര്യത, പക്ഷപാതരഹിത സ്വഭാവം എന്നിവ വര്‍ധിക്കണം. രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സുരക്ഷ, സമൂഹം എന്നിവയെ മാറ്റിമറിക്കുന്ന എഐ ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുള്ള കോഡ് എഴുതുകയാണെന്നും മോദി പറഞ്ഞു. പാരീസിലെ എഐ ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
'മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, അപകടസാധ്യതകള്‍ പരിഹരിക്കുന്ന, വിശ്വാസം വളര്‍ത്തിയെടുക്കുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സ്ഥാപിക്കുന്നതിന് കൂട്ടായ ആഗോള ശ്രമങ്ങള്‍ ആവശ്യമാണ്. എഐയുടെ അപകടസാധ്യതകളും മത്സരങ്ങളും കൈകാര്യം ചെയ്യാന്‍ മാത്രമായിരിക്കരുത് ഇത്തരം നിയന്ത്രണങ്ങള്‍. നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ആഗോള നന്മയ്ക്കായി അവ വിന്യസിക്കാനും കഴിയുന്ന തരത്തില്‍ എഐയെ പ്രയോജനപ്പെടുത്താന്‍ സാധിക്കണം'- മോദി പറഞ്ഞു.
'സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുകയും ജനകേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുകയും വേണം. സൈബര്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍, ഡീപ്‌ഫേക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നാം പരിഹരിക്കണം.'-മോദി പറഞ്ഞു. പക്ഷപാതങ്ങളില്‍ നിന്ന് മുക്തമായ ഗുണനിലവാരമുള്ള ഡാറ്റ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിശ്വാസ്യതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്ന ഓപ്പണ്‍ സോഴ്സ് എഐ എക്കോസിസ്റ്റം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാണിച്ചു.
ഫലപ്രദവും ഉപയോഗപ്രദവുമാകണമെങ്കില്‍ ഈ സാങ്കേതികവിദ്യ പ്രാദേശിക ആവാസവ്യവസ്ഥയില്‍ വേരൂന്നിയതായിരിക്കണം. അതേസമയം, എഐയുടെ പരിമിതികളും പക്ഷപാതങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.'നമ്മള്‍ ആഴത്തില്‍ ചിന്തിക്കുകയും നവീകരണങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് തുറന്ന ചര്‍ച്ച നടത്തുകയും വേണം. എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണാര്‍ധ ഗോളത്തിലെ രാജ്യങ്ങള്‍ക്ക്, നിയന്ത്രണ സംവിധാനം വേണം. കമ്പ്യൂട്ടിങ്, വൈദ്യുതി, നൈപുണ്യവികസനം, ഡാറ്റ അല്ലെങ്കില്‍ സാമ്പത്തിക വിഭവങ്ങള്‍ എന്നി രംഗങ്ങളില്‍ കുറവുള്ളത് ഈ പ്രദേശത്തുള്ളവര്‍ക്കാണ്'- മോദി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് കരുത്തുപകരാന്‍ എഐയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും ആകുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. എഐ മൂലമുള്ള തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരാമര്‍ശിച്ച മോദി, സാങ്കേതികവിദ്യ കാരണം ജോലി അപ്രത്യക്ഷമാകില്ല എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. സാങ്കേതികവിദ്യയുടെ സ്വഭാവം മാറുന്നുണ്ടാകാം. എന്നാല്‍ പുതിയ തരം തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
