

ന്യൂഡല്‍ഹി: ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയ്ക്ക് മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും.
ഫെബ്രുവരി 17ന് ധനകാര്യ മന്ത്രാലയം സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ബുച്ചിന്റെ മുന്‍ഗാമികളായ അജയ് ത്യാഗിക്കും യുകെ സിന്‍ഹയ്ക്കും സെബി മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനല്‍കിയിരുന്നു. ത്യാഗി നാല് വര്‍ഷവും സിന്‍ഹ ആറ് വര്‍ഷവും ആ സ്ഥാനത്ത് തുടര്‍ന്നു. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നി നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം. അതേസമയം, അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മാധബി പുരി ബുച്ചിക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിന്‍ കാന്ത പാണ്ഡെ. നിലവില്‍ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ്. മുന്‍പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) സെക്രട്ടറിയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവില്‍പനയിലൂടെ (ഐപിഒ) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു.
ഡിഐപിഎഎമ്മില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനു മുമ്പ്, ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (unido) റീജിയണല്‍ ഓഫീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിലും ഒഡിഷ സംസ്ഥാന സര്‍ക്കാരിലും പാണ്ഡെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരില്‍ പ്ലാനിംഗ് കമ്മീഷന്‍ (ഇപ്പോള്‍ നീതി ആയോഗ്) ജോയിന്റ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നി പദവികളും വഹിച്ചിട്ടുണ്ട്. ഒഡിഷ സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യം, പൊതുഭരണം, വാണിജ്യ നികുതി, ഗതാഗതം, ധനകാര്യം എന്നി വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates