ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ 14 പ്രോ ഫൈവ് ജീ സീരീസ് ഫോണുകള്‍ ജനുവരി 16ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 14 പ്രോ ഫൈവ് ജീ സീരീസിന് കീഴില്‍ ബേസ്, പ്ലസ് വേരിയന്റുകളാണ് അവതരിപ്പിക്കുക. റിയല്‍മി 14 പ്രോ ഫൈവ് ജി, 14 പ്രോ പ്ലസ് ഫൈവ് ജി എന്നി പേരുകളിലാണ് ഫോണുകള്‍ വിപണിയില്‍ എത്തുക. മുമ്പ് സ്ഥിരീകരിച്ച പേള്‍ വൈറ്റ്, സ്യൂഡ് ഗ്രേ ഷെയ്ഡുകള്‍ക്കൊപ്പം, ഇന്ത്യ-എക്സ്‌ക്ലൂസീവ് ബിക്കാനീര്‍ പര്‍പ്പിള്‍, ജയ്പൂര്‍ പിങ്ക് കളര്‍ ഓപ്ഷനുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
1.5K ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റുകളില്‍ ഉണ്ടാകുക. ലോകത്തിലെ ആദ്യത്തെ ട്രിപ്പിള്‍ ഫ്‌ലാഷ് യൂണിറ്റുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക എന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്‌ലിപ്കാര്‍ട്ടിലൂടെയും റിയല്‍മി ഇന്ത്യ ഇ-സ്റ്റോര്‍ വഴിയും ഫോണുകള്‍ രാജ്യത്ത് വാങ്ങാന്‍ കഴിയും.
ബേസ് മോഡലിന് മീഡിയാടെക് ഡൈമെന്‍സിറ്റി 7300 എനര്‍ജി ചിപ്സെറ്റ് ആണ് കരുത്തുപകരുക. 45W SuperVOOC ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ് വിപണിയില്‍ എത്തുക. മറുവശത്ത്, പ്ലസ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 7s Gen 3 SoC ചിപ്‌സെറ്റാണ് കരുത്തുപകരുക.ഇത് 80W SuperVOOC ചാര്‍ജിങ്ങിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
റിയല്‍മി 14 പ്രോ ഫൈവ് ജില്‍ f/1.8 അപ്പേര്‍ച്ചറും 4K വീഡിയോ റെക്കോര്‍ഡിങ് പിന്തുണയുമുള്ള, 50 മെഗാപിക്‌സല്‍ സോണി IMX882 പ്രൈമറി സെന്‍സര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ 16-മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ സെന്‍സര്‍ ഉണ്ടായിരിക്കും.
അതേസമയം, റിയല്‍മി 14 പ്രോ പ്ലസ് ഫൈവ് ജിയില്‍ 32 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ സെന്‍സര്‍, 50 മെഗാപിക്‌സല്‍ മെയിന്‍ റിയര്‍ സെന്‍സര്‍, 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറ, 112-ഡിഗ്രി അള്‍ട്രാവൈഡ് ഷൂട്ടര്‍ എന്നിവ ലഭിക്കുമെന്നാണ് കരുതുന്നത്. 8-മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് കാമറയും 3x വരെ ഒപ്റ്റിക്കല്‍ സൂം, 6x ലോസ്ലെസ് സൂം, 120x ഡിജിറ്റല്‍ സൂം പിന്തുണയുള്ള 1/2 ഇഞ്ച് 50 മെഗാപിക്‌സല്‍ സോണി IMX882 ടെലിഫോട്ടോ ഷൂട്ടറും ഈ പരമ്പരയില്‍ ഉള്‍പ്പെടുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.6000 എംഎഎച്ച് ബാറ്ററി പായ്‌ക്കോടെ വരുന്ന ഫോണിന് വെള്ളം, പൊടി പ്രതിരോധത്തിനായി ഐപി66, ഐഫി68, ഐപി69 റേറ്റിങ്ങുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക