ന്യൂഡല്‍ഹി: കുറഞ്ഞ ഇപിഎഫ്ഒ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തണമെന്ന് ട്രേഡ് യൂണിയനുകള്‍. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിലാണ് മിനിമം ഇപിഎഫ്ഒ പെന്‍ഷന്‍ അഞ്ചുമടങ്ങായി വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. കഴിഞ്ഞദിവസം മിനിമം ഇപിഎഫ്ഒ പെന്‍ഷന്‍ മൂവായിരം രൂപയാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും എന്ന തരത്തിലായിരുന്നു വാര്‍ത്ത.
മിനിമം പെന്‍ഷന്‍ ഉയര്‍ത്തണമെന്നത് പെന്‍ഷന്‍കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 78 ലക്ഷം പെന്‍ഷന്‍കാരാണുള്ളത്. എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍ രൂപീകരിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 11 സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതിവര്‍ഷം 10 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി ഒഴിവാക്കുക, ഫുഡ് ഡെലിവറി പാര്‍ട്‌നര്‍മാര്‍ അടക്കമുള്ള ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, പഴയ പെന്‍ഷന്‍ സ്‌കീം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക