ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതില്‍ ആശങ്ക. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളര്‍ കടന്ന് കുതിക്കുകയാണ്. എണ്ണ വില കുതിക്കുന്നത് ഡോളര്‍ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഡോളര്‍ ഒന്നിന് 85.87 എന്ന നിലയിലാണ് രൂപ.
റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞതാണ് എണ്ണവില കൂടാന്‍ കാരണം. പാശ്ചാത്യ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ് റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവിതരണത്തെ ബാധിച്ചത്. ലഭ്യതയിലെ കുറവ് നികത്താന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നത് ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് എണ്ണ വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എണ്ണ വില ഉയരുന്നത് രാജ്യത്ത് ഇന്ധനവിലയെ സ്വാധീനിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
അതേസമയം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു പൈസയുടെ നഷ്ടത്തോടെ 85.87 എന്ന നിലയിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിക്കുന്നത്. ഇതിന് പുറമേയാണ് എണ്ണവില വര്‍ധനയും രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുപൈസയുടെ നേട്ടത്തോടെ 85.86 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക