ന്യൂഡല്‍ഹി: വരാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പുതിയ മോഡലുകളുടെ ശ്രേണി പ്രദര്‍ശിപ്പിക്കാനും തുടര്‍ന്ന് അവയില്‍ ചിലത് ഇന്ത്യയില്‍ അവതരിപ്പിക്കാനുമാണ് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പദ്ധതി. ഹീറോ മോട്ടോകോര്‍പ്പ് ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മികച്ച അഞ്ച് മോട്ടോര്‍സൈക്കിളുകളെയും സ്‌കൂട്ടറുകളെയും പരിചയപ്പെടാം.
ഹീറോ മോട്ടോകോര്‍പ്പിന്റെ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്ക് ബ്രാന്‍ഡാണ് എക്സ്പള്‍സ്. 2025 ല്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിനുമായാണ് പുതിയ എക്സ്പള്‍സ് 210 വരുന്നത്. സ്‌റ്റൈല്‍ സൂചനകളില്‍ ഭൂരിഭാഗവും അതിന്റെ 200 സിസി മുന്‍ഗാമിയുമായി ഏറെ സാമ്യമുള്ളതാണ്. എന്നാല്‍ ബോഡി പാനലുകളില്‍ പലതും പുതിയതാണ്. പ്രകടനത്തിലെ മാറ്റമാണ് എടുത്ത് പറയേണ്ടത്. പുതിയ 210 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് മോട്ടോറുമായാണ് എക്‌സ്പള്‍സ് 210 വരുന്നത്. ഈ എന്‍ജിന്‍ 25bhp കരുത്തും 20Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും.
പുതിയ അപ്‌ഗ്രേഡുമായാണ് കരിസ്മ എക്‌സ്എംആര്‍ ഈ വര്‍ഷം വരിക. കരിസ്മ എക്‌സ്എംആര്‍ 250 അതിന്റെ 210cc മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ കരുത്തുറ്റതായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ കരിസ്മയുടെ മൊത്തത്തിലുള്ള സ്‌റ്റൈല്‍ കരിസ്മ എക്‌സ്എംആര്‍ 210 നേക്കാള്‍ വളരെ മികച്ചതായിരിക്കും.
കരിസ്മ എക്‌സ്എംആര്‍ 250ന്റെ നേക്കഡ് പതിപ്പായാണ് എക്‌സ്ട്രീം 250 ആര്‍ വരുന്നത്. ഇന്ത്യയില്‍ ഈ ബ്രാന്‍ഡ് വളരെ ശക്തമാണ്. Xtreme ഒന്നിലധികം സെഗ്മെന്റുകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 250cc സ്ട്രീറ്റ് ബൈക്കുകളില്‍ ചിലതുമായി ഇത് മത്സരിക്കുന്നത് ഇതാദ്യമാണ്.
ഹീറോയുടെ ആദ്യത്തെ ആധുനിക റെട്രോ-ലുക്കിങ് സ്‌കൂട്ടറാണ് ഡെസ്റ്റിനി 125. എന്നാല്‍ മുന്‍പ് അറിയിച്ചതുപോലെ ഉത്സവ സീസണില്‍ ഇത് ലോഞ്ച് ചെയ്തില്ല. 2025ല്‍, ഈ സ്‌കൂട്ടര്‍ അതിന്റെ ചില എതിരാളികളെക്കാള്‍ വിലകുറച്ച് അവതരിപ്പിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2025 ല്‍ രണ്ട് സൂം മോഡലുകള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഒന്ന് 125 സിസി പ്രീമിയം സ്‌കൂട്ടറാണ്. മറ്റൊന്ന് 160 സിസി അഡ്വഞ്ചര്‍-സ്‌റ്റൈല്‍ സ്‌കൂട്ടറായി അവതരിപ്പിക്കാനാണ് സാധ്യത. ഈ രണ്ട് ഉല്‍പ്പന്നങ്ങളും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദര്‍ശിപ്പിച്ചതാണ്. 2025 ല്‍ ഒരു സ്‌കൂട്ടര്‍ ഹീറോ ഷോറൂമുകളില്‍ എത്തുമെന്ന് കരുതുന്നു. അത് സൂം 160 ആകാനാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക