ടിക് ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് മസ്‌ക് ഏറ്റെടുക്കുമോ?; വിശദീകരണവുമായി ചൈനീസ് കമ്പനി

ചൈനീസ് സോഷ്യല്‍മീഡിയ ആപ്പായ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് പ്രമുഖ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌കിന് വില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കമ്പനി
TikTok denied reports that app's US operations going to sell to Elon Musk
ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോണ്‍ മസ്‌കിന് വില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കമ്പനിപ്രതീകാത്മക ചിത്രം
Updated on

ന്യൂയോര്‍ക്ക്: ചൈനീസ് സോഷ്യല്‍മീഡിയ ആപ്പായ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് പ്രമുഖ അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌കിന് വില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കമ്പനി. തങ്ങളുടെ ആപ്പിന്റെ യുഎസ് ബിസിനസ് ഇലോണ്‍ മസ്‌കിന് വില്‍ക്കാനുള്ള സാധ്യത ചൈനീസ് ഉദ്യോഗസ്ഥര്‍ തേടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയ ടിക് ടോക്ക് ഇത് വെറും കെട്ടുകഥയാണെന്നും അവകാശപ്പെട്ടു.

അമേരിക്കയില്‍ വരാനിരിക്കുന്ന നിരോധനം തടയുന്നതില്‍ കമ്പനി പരാജയപ്പെട്ടാല്‍ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോണ്‍ മസ്‌കിന് വില്‍ക്കുന്നതിനുള്ള സാധ്യതകള്‍ ടിക് ടോക്ക് തേടുന്നതായി ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തള്ളി ടിക് ടോക്ക് രംഗത്തുവന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്, ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണ്. പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്ലാറ്റ്ഫോമുകള്‍ സംയോജിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ടിക് ടോക്കിന് നിലവില്‍ അമേരിക്കയില്‍ 17 കോടി ഉപയോക്താക്കളുണ്ട്.

ജനുവരി 19നകം ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക് ടോക്കിന്റെ ഓഹരി വില്‍ക്കുകയോ അല്ലെങ്കില്‍ വിലക്ക് നേരിടുകയോ ചെയ്യണമെന്നാണ് യുഎസ് നിയമം അനുശാസിക്കുന്നത്. നിയമം നടപ്പാക്കുന്നത് തടയണമെന്ന ടിക് ടോക്കിന്റെ അപ്പീലില്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച വാദം കേട്ടിരുന്നു. കമ്പനിയുടെ വാദങ്ങളില്‍ ജഡ്ജിമാര്‍ സംശയം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ട്രംപുമായി അടുത്ത ബന്ധമാണ് ഇലോണ്‍ മസ്‌കിനുള്ളത്. മസ്‌കിന്റെ ടെസ്ലയ്ക്ക് ചൈനയില്‍ വിപുലമായ നിലയില്‍ ബിസിനസ് ഉണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടിക് ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏറ്റെടുക്കുന്നതിനുള്ള കരാറിലേക്ക് മസ്‌കിനെ എത്തിക്കുന്നതിനുള്ള വഴികള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിക് ടോക്ക് നിരോധിക്കുന്നതിനെതിരെ മസ്‌ക് മുമ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വിരുദ്ധമാകുമെന്നാണ് മസ്‌ക് ഏപ്രിലില്‍ എക്സില്‍ കുറിച്ചത്. ഇതും കണക്കിലെടുത്താണ് ചൈനീസ് ഉദ്യോഗസ്ഥരുടെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com