
ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍ സാധാരണയായി ഒഴിവുള്ള തസ്തികകള്‍ ലിങ്ക്ഡ്ഇന്‍ അടക്കമുള്ള വിവിധ പ്ലാറ്റ്‌ഫോമുകള്‍ വഴി പരസ്യം നല്‍കിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിനെ നിര്‍ബന്ധമായി അറിയിക്കേണ്ടതായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി 1959 ലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമത്തിന് പകരം പുതിയ സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.
ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനുള്ള ഔപചാരിക സംവിധാനം സ്ഥാപിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് തൊഴില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. കമ്പനികള്‍ ജോലി ഒഴിവുകള്‍ സര്‍ക്കാരിനെ കൃത്യമായി അറിയിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമം പാലിക്കല്‍ ഉറപ്പാക്കാന്‍, നിയമലംഘനത്തിനുള്ള പിഴകളില്‍ ഗണ്യമായ വര്‍ധന വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പിഴ 100 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്താനാണ് സാധ്യത. തൊഴില്‍ രീതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക