
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ- വിറ്റാര എസ് യുവിയുടെ ബുക്കിങ് ആരംഭിച്ചു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, തെരഞ്ഞെടുത്ത ഡീലര്‍മാര്‍ അനൗദ്യോഗികമായി ഇ- വിറ്റാരയുടെ ബുക്കിങ് സ്വീകരിച്ച് തുടങ്ങി. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപയ്ക്ക് ഇ-വിറ്റാര ബുക്ക് ചെയ്യാം.
2025ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഇ- വിറ്റാര മാര്‍ച്ചില്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു പുതിയ HEARTECT-e പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇ-വിറ്റാര നിര്‍മ്മിച്ചിരിക്കുന്നത്.
ഡിസൈന്‍
2023 ജനുവരിയില്‍ ഇന്ത്യയില്‍ നടന്ന ഓട്ടോ എക്സ്പോയിലും അതേ വര്‍ഷം ഒക്ടോബറില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലും പ്രദര്‍ശിപ്പിച്ച 'eVX' എന്ന കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ-വിറ്റാര. ഇ- വിറ്റാരയുടെ ലോഞ്ച് സുസുക്കിയുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് ബിഇവി മോഡലിനെ അടയാളപ്പെടുത്തുന്നു. 'ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. മുന്‍വശത്ത്, ക്ലോസ്ഡ്-ഓഫ് ഗ്രില്ലുള്ള ട്രൈ-എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇതിലുണ്ട്. താഴത്തെ ബമ്പര്‍ ബ്രെസ്സയോട് സാമ്യമുള്ളതാണ്. കൂടാതെ സ്‌കിഡ് പ്ലേറ്റുകളുള്ള ഒരു ചെറിയ ഫോഗ് ലാമ്പും ഇതിലുണ്ട്. ചാര്‍ജിങ് പോര്‍ട്ട് മുന്‍വശത്തെ വശങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. വശങ്ങളില്‍, 18 ഇഞ്ച് വലിപ്പമുള്ള എയറോഡൈനാമിക്കായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍ ലഭിക്കും. പിന്‍വശത്തെ ഡോര്‍ ഹാന്‍ഡില്‍ സി-പില്ലറില്‍ സ്ഥാപിച്ചിരിക്കുന്നു. ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവ മറ്റ് ഹൈലൈറ്റുകളാണ്. ഇ-വിറ്റാരയ്ക്ക് 4,275mm നീളവും 1,800mm വീതിയും 1,635mm ഉയരവും 2,700mm വീല്‍ബേസും ഉണ്ട്. ഇതിന് 180 mm ഗ്രൗണ്ട് ക്ലിയറന്‍സും 1,900 കിലോഗ്രാം വരെ ഭാരവുമുണ്ട്.
അകത്തളം
ഇ-വിറ്റാരയുടെ ഇന്റീരിയര്‍ പൂര്‍ണ്ണമായും പുതുമയുള്ളതായി കാണപ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിനുമായി ഫ്ലോട്ടിങ് ഡ്യുവല്‍ സ്‌ക്രീനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഗിയര്‍ സെലക്ഷന്‍, ഇ-ബ്രേക്ക്, ഡ്രൈവ് മോഡ് സെലക്ഷന്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഫ്ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും ഇതിലുണ്ട്. രണ്ട് സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ബ്രഷ് ചെയ്ത സില്‍വര്‍ സറൗണ്ടുകളുള്ള ചതുരാകൃതിയിലുള്ള എസി വെന്റുകള്‍, റോട്ടറി ഡ്രൈവ് സ്റ്റേറ്റ് സെലക്ടര്‍, എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍. ലെവല്‍ 2 ADAS, ഏഴ് എയര്‍ബാഗുകള്‍ എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകള്‍.
ബാറ്ററി, ഇ- മോട്ടോര്‍
മോട്ടോറും ഇന്‍വെര്‍ട്ടറും ഒരൊറ്റ യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്ന eAxles ആണ് പ്രത്യേകത. 49kWh, 61kWh എന്നി രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഇ- വിറ്റാര വാഗ്ദാനം ചെയ്യുന്നത്. 61kWh ബാറ്ററി ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു പൂര്‍ണ്ണ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 49kWh ബാറ്ററി 144hpയും 61kWh ബാറ്ററി 174hpയും പുറപ്പെടുവിക്കും. സിംഗില്‍ മോട്ടോറാണിലാണ് ഈ രണ്ടു ഓപ്ഷനുകളും വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക