
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്കിന് (starlink) ഇന്ത്യയില്‍ അടിസ്ഥാന അനുമതി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്ന് ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് ലൈസന്‍സ് സ്റ്റാര്‍ലിങ്കിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സ്റ്റാര്‍ലിങ്ക് പാലിച്ചതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് സ്റ്റാര്‍ലിങ്ക് ഒരു ചുവടുകൂടി അടുത്തു.
നിലവില്‍ വണ്‍വെബ്, റിലയന്‍സ് എന്നീ രണ്ട് കമ്പനികള്‍ക്ക് സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കായി ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്കാണ് ഈ നിരയില്‍ മൂന്നാമത്തെ കമ്പനി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റാര്‍ലിങ്കിന് ട്രയല്‍ സ്‌പെക്ട്രം ലഭിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററില്‍ (ഇന്‍-സ്‌പേസ്) നിന്നുള്ള അന്തിമ പച്ചക്കൊടി മാത്രമാണ് ഇനി അവശേഷിക്കുന്നത്. പുതിയ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംബന്ധമായ ആവശ്യകതകള്‍ സ്റ്റാര്‍ലിങ്ക് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കമ്പനികള്‍ വൃത്തങ്ങള്‍ പറഞ്ഞു.
അടിസ്ഥാന അനുമതി ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. ഇന്‍-സ്‌പേസ് ക്ലിയറന്‍സിന് ശേഷം, കമ്പനിക്ക് താല്‍ക്കാലിക സ്‌പെക്ട്രം അനുവദിക്കും. ഇന്ത്യയില്‍ മൂന്ന് ഗേറ്റ്വേകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്ന സ്റ്റാര്‍ലിങ്ക്, മൂന്ന് മുതല്‍ നാല് വര്‍ഷമായി ലൈസന്‍സിനായി കാത്തിരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ