
തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനിയുമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സുമായി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ അനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.
ഈ കരാറിന്റെ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.അമേരിക്കന്‍ കമ്പനിയെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി.
44,210 കോടി രൂപയുടെ വായ്പ ബിസിനസ് ആണ് മണപ്പുറം കൈകാര്യം ചെയ്യുന്നത്. അനുബന്ധ സ്ഥാപനമായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXV, ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXIV എന്നിവ വഴിയാണ് ബെയിന്‍ ക്യാപിറ്റല്‍ ഏഷ്യ ഓഹരികള്‍ വാങ്ങുക. മുന്‍ഗണന ഓഹരികള്‍ അനുവദിക്കുന്നതോടെ, ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ബെയിനിന് ലഭിക്കും.
ഓഹരി ഒന്നിന് 236 രൂപ എന്ന നിലയിലാണ് ഓഹരി കൈമാറ്റം നടക്കുക. ആറ് മാസത്തെ ശരാശരി ട്രേഡിങ് വിലയേക്കാള്‍ 30 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ കൈമാറാനാണ് ധാരണയായത്. ഇതിന് പുറമേയാണ് മൂലധന അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് 26 ശതമാനം അധിക ഓഹരികള്‍ വാങ്ങാമെന്ന വാഗ്ദാനം ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ചത്. ഇത് ഓപ്പണ്‍ ഓഫറിലേക്ക് നയിക്കും.ഓപ്പണ്‍ ഓഫര്‍ വില ഒരു ഓഹരിക്ക് 236 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഓപ്പണ്‍ ഓഫര്‍ സബ്സ്‌ക്രിപ്ഷന്‍ കൂടി നടപ്പിലാകുന്നതോടെ, ബെയിനിന്റെ ഓഹരി പങ്കാളിത്തം 18 ശതമാനം മുതല്‍ 41.7% എന്ന തലത്തില്‍ വ്യത്യാസപ്പെടും. നിക്ഷേപത്തിനുശേഷം നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 28.9 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
75 വര്‍ഷം പഴക്കമുള്ള മണപ്പുറത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ഇത് കരുത്തുപകരുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുക, നേതൃത്വം ശക്തിപ്പെടുത്തുക, പ്രധാന വിഭാഗങ്ങളിലുടനീളം സാന്നിധ്യം വികസിപ്പിക്കുക എന്നിവയിലൂടെ മാറ്റം കൊണ്ടുവരാനാണ് നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് ബെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
1949-ല്‍ സ്ഥാപിതമായ മണപ്പുറം ഫിനാന്‍സ്, 28 സംസ്ഥാനങ്ങളിലായി 5,357 ശാഖകളിലൂടെ 66 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സ്വര്‍ണ്ണ വായ്പ വിഭാഗത്തിലെ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമാണ്. 50,800 പേര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മണപ്പുറം മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക