'വിലയിലെ കുതിപ്പൊന്നും പ്രശ്‌നമല്ല'; അക്ഷയതൃതീയ ദിനത്തില്‍ ജ്വല്ലറികളില്‍ കച്ചവടം പൊടിപൊടിച്ചു, ഒഴുകിയെത്തി മലയാളികള്‍

റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങള്‍ സ്വര്‍ണ്ണ ഷോറൂമുകളിലേക്ക് ഒഴുകിയെത്തിയതോടെ, ഈ അക്ഷയതൃതീയയിലും കേരളം വീണ്ടും സ്വര്‍ണ്ണത്തോടുള്ള തങ്ങളുടെ ശാശ്വതമായ ഇഷ്ടം വീണ്ടും തുറന്നുകാണിച്ചു
akshaya tritiya
ഈ വർഷത്തെ മൊത്തം സ്വർണ്ണ വിൽപ്പന 1,500 കോടി രൂപ കവിഞ്ഞുഫയൽ
Updated on
1 min read

കൊച്ചി: റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങള്‍ ജ്വല്ലറികളിലേക്ക് ഒഴുകിയെത്തിയതോടെ, ഈ അക്ഷയതൃതീയയിലും കേരളം വീണ്ടും സ്വര്‍ണ്ണത്തോടുള്ള തങ്ങളുടെ ശാശ്വതമായ ഇഷ്ടം വീണ്ടും തുറന്നുകാണിച്ചു. സ്വര്‍ണ്ണം ഗ്രാമിന് 8,980 ല്‍ എത്തിയിട്ടും സ്വര്‍ണ്ണം വാങ്ങുന്നതില്‍ ഒരു മടിയും മലയാളികള്‍ കാണിച്ചില്ല. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഗ്രാമിന് 6,700 രൂപയായിരുന്നു വില. വിലയില്‍ 34 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

അക്ഷയതൃതീയ ദിവസമായിരുന്ന ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ തന്നെ ജ്വല്ലറികളില്‍ വലിയ ജനക്കൂട്ടം ദൃശ്യമായി.എണ്ണ വിളക്കുകള്‍ കത്തിച്ചും പുഷ്പാലങ്കാരങ്ങള്‍ ഒരുക്കിയും പരമ്പരാഗത ആചാരങ്ങളോടെയാണ് അക്ഷയതൃതീയ ദിവസത്തെ ജ്വല്ലറികള്‍ വരവേറ്റത്. സംസ്ഥാനവ്യാപകമായി 12,000ലധികം ജ്വല്ലറികളില്‍ ചെറിയ മൂല്യത്തിലുള്ള സ്വര്‍ണ്ണം വാങ്ങാന്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

'ഈ വില നിലവാരത്തില്‍ പോലും ഇത്രയും ശക്തമായ ഡിമാന്‍ഡ് കാണുന്നത് അവിശ്വസനീയമാണ്. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇന്ന് സ്വര്‍ണ്ണം വാങ്ങി, കേവലം ആഭരണം മാത്രമായല്ല സ്വര്‍ണ്ണത്തെ എല്ലാവരും കാണുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കേരളത്തില്‍ പാരമ്പര്യത്തെയും സുരക്ഷയെയും വികാരത്തെയും സ്വര്‍ണ്ണം പ്രതിനിധീകരിക്കുന്നു.'- ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.

ഭാരം കുറഞ്ഞ ആഭരണങ്ങള്‍, നാണയങ്ങള്‍, 24 കാരറ്റ് ബാറുകള്‍, വജ്രങ്ങള്‍, പ്ലാറ്റിനം, വെള്ളി ആഭരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാര്‍ ധാരാളം ഉണ്ടായിരുന്നു. പല കടകളിലും 100 മില്ലിഗ്രാം വരെയുള്ള ചെറിയ ആഭരണങ്ങളും സ്റ്റോക്ക് ചെയ്തിരുന്നു. ബജറ്റ് പരിഗണിക്കാതെ കൂടുതല്‍ ആളുകള്‍ക്ക് ശുഭകരമായ ഈ വാങ്ങലില്‍ പങ്കെടുക്കാന്‍ ഇത് അവസരമൊരുക്കി.

'സ്വര്‍ണ്ണവുമായുള്ള കേരളത്തിന്റെ ആഴത്തിലുള്ള സാംസ്‌കാരികവും വൈകാരികവുമായ ബന്ധം സമാനതകളില്ലാത്തതാണ് . വിലയില്‍ കുത്തനെയുള്ള വര്‍ധന ഉണ്ടായിരുന്നിട്ടും ആളുകള്‍ സ്വര്‍ണ്ണത്തെ സുരക്ഷിതവും പ്രതീകാത്മകവുമായ നിക്ഷേപമായിട്ടാണ് കാണുന്നത്.' - എകെജിഎസ്എംഎ പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഈ വര്‍ഷത്തെ മൊത്തം സ്വര്‍ണ്ണ വില്‍പ്പന 1,500 കോടി രൂപ കവിഞ്ഞതോടെ, കേരളത്തിന്റെ സ്വര്‍ണ്ണത്തോടുള്ള ഇഷ്ടം കാലാതീതമായി നിലനില്‍ക്കുന്നുവെന്ന് വീണ്ടും തെളിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com