പ്ലാവിലക്കുമ്പിളില്‍ മുട്ട ചുട്ടെടുത്ത് കഴിച്ചിട്ടുണ്ടോ? യൂട്യൂബില്ല, പാചക പുസ്തകങ്ങളില്ല; ആ വിദ്യകള്‍ എവിടെപ്പോയി?

കുട്ടിക്കാലത്തെ പാചകവിദ്യ പങ്കുവെച്ച് മുരളി തുമ്മാരുകുടി
murali thummarukudi fb post on egg recepe
Roasting Eggs in Jackfruit Leaves: Murali Thummarukudy's Nostalgic Post
Updated on: 
2 min read

കൊച്ചി: പ്ലാവിലക്കുമ്പിളില്‍ മുട്ട ചുട്ടെടുത്ത് കഴിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഒരു കാലത്ത് കുട്ടിക്കാലത്തെ രസകരമായ പാചകപരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ഇത്. പ്ലാവിലയില്‍ കുമ്പിളുണ്ടാക്കി അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് വിറകടുപ്പിലെ കനലില്‍ വെച്ച് ചുട്ടെടുക്കുന്ന രീതിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരനും ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടി.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച 'ചുട്ട മുട്ടയുടെ ഓര്‍മ്മ' എന്ന കുറിപ്പിലാണ് അദ്ദേഹം ചെറുപ്പകാലത്തെ പാചകരീതിയെക്കുറിച്ച് വിവരിക്കുന്നത്. പ്ലാവില പറിച്ചെടുത്ത് അതുകൊണ്ട് കുമ്പിളുണ്ടാക്കി ഈര്‍ക്കില്‍ ഉപയോഗിച്ച് ഉറപ്പിക്കും. അതിലേക്ക് കോഴിമുട്ട പൊട്ടിച്ചൊഴിച്ച് വിറകടുപ്പിലെ കനലിലേക്ക് പതുക്കെ ഇറക്കിവെക്കും. പ്ലാവിലയുടെ അരികുകള്‍ കരിഞ്ഞുതുടങ്ങുമ്പോഴേക്കും മുട്ട വെന്തിട്ടുണ്ടാകും. പിന്നീട് ഇല പൊളിച്ച് മുട്ട കഴിക്കും. അല്‍പം ഉപ്പുവെള്ളവും തളിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

പ്ലാവിലയുടെയും വിറകിന്റെ പുകയുടെയും മണം കലര്‍ന്ന ആ മുട്ടയ്ക്ക് പ്രത്യേക രുചിയായിരുന്നുവെന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പലതരത്തില്‍ പാകം ചെയ്ത മുട്ട കഴിച്ചിട്ടുണ്ടെങ്കിലും കുട്ടിക്കാലത്ത് പ്ലാവിലക്കുമ്പിളില്‍ ചുട്ടെടുത്ത മുട്ടയുടെ രുചി പിന്നീട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറിക്കുന്നു. ഒരുപക്ഷേ ആ രുചി മുട്ടയുടേത് മാത്രമായിരുന്നില്ല, കുട്ടിക്കാലത്തിന്റേത് കൂടിയായിരുന്നുവെന്നും മുരളി തുമ്മാരുകുടി പറയുന്നു.

വിറകടുപ്പുകള്‍ അപൂര്‍വമാകുകയും പ്ലാവിലക്കുമ്പിളുണ്ടാക്കാന്‍ അറിയാവുന്ന കുട്ടികള്‍ കുറഞ്ഞുവരികയും ചെയ്യുന്ന കാലത്ത് ഇത്തരം പാചകവിദ്യകള്‍ നഷ്ടമാകുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. കനലില്‍ ചുട്ടെടുത്ത കശുവണ്ടി, ചക്കക്കുരു, മധുരക്കിഴങ്ങ്, ചുട്ട പപ്പടം, വാഴയിലയില്‍ പൊതിഞ്ഞ് ചുട്ട പലഹാരങ്ങള്‍, മണ്‍ചട്ടിയില്‍ വറുത്ത ആഞ്ഞിലിക്കുരു തുടങ്ങിയവയും പഴയകാലത്തെ കുട്ടികളുടെ പാചകലോകത്തിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അന്ന് പാചകപുസ്തകങ്ങളോ അളവുപാത്രങ്ങളോ ടെലിവിഷന്‍ പാചകപരിപാടികളോ യൂട്യൂബോ ഉണ്ടായിരുന്നില്ല. ഒരു കുട്ടിയില്‍നിന്ന് മറ്റൊരു കുട്ടിയിലേക്ക് കൈമാറിയെത്തിയ അറിവുകളായിരുന്നു ഇത്തരം പാചകപരീക്ഷണങ്ങള്‍ക്ക് പിന്നില്‍. കേരളത്തിന്റെ ഭക്ഷണസംസ്‌കാരത്തെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും കുട്ടികള്‍ സ്വന്തമായി നടത്തിയിരുന്ന ഇത്തരം പാചകപരീക്ഷണങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

കമന്റുകളിലും പഴയകാല രുചി ഓര്‍മകള്‍

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് തങ്ങളുടെ കുട്ടിക്കാലത്തെ ഭക്ഷണഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. പ്ലാവിലക്കുമ്പിളില്‍ മുട്ട ചുട്ടെടുക്കുന്ന രീതി ആദ്യമായാണ് കേള്‍ക്കുന്നതെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സമാനമായ രീതിയില്‍ പല ഭക്ഷണങ്ങളും ചുട്ടുതിന്നിരുന്നുവെന്ന് മറ്റുചിലര്‍ ഓര്‍ത്തെടുത്തു. കപ്പയും ചീമച്ചേമ്പും ചുട്ടുതിന്നിരുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. ചൂടുള്ള ചാരത്തില്‍ മുട്ട പൂഴ്ത്തിവെച്ച് പുഴുങ്ങിക്കഴിച്ചിരുന്ന അനുഭവവും ഒരാള്‍ പങ്കുവെച്ചു. പുളിങ്കുരു, ആഞ്ഞിലിക്കുരു, ചക്കക്കുരു, കശുവണ്ടി എന്നിവ കനലില്‍ ചുട്ടെടുത്ത് പള്ളി പെരുന്നാള്‍ പ്രദക്ഷിണത്തിനിടെ കഴിച്ചിരുന്ന ഓര്‍മകളും കമന്റുകളിലുണ്ട്.

മീന്‍ വെട്ടുമ്പോള്‍ ലഭിക്കുന്ന ചെകിളപ്പൂവും മീന്‍മുട്ടയും പ്ലാവിലക്കുമ്പിളില്‍ വെച്ച് അടുപ്പില്‍ ചുട്ടെടുത്ത് കഴിച്ചിരുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു. തോട്ടില്‍നിന്ന് പിടിക്കുന്ന നത്തയ്ക്കയെ അടുപ്പില്‍ ചുട്ടെടുത്ത് കഴിച്ചിരുന്ന അനുഭവവും പങ്കുവെച്ചിട്ടുണ്ട്. പച്ചമാങ്ങ കനലില്‍ ചുട്ടെടുത്ത് അതിന്റെ മാംസള ഭാഗം ഉപയോഗിച്ച് സ്‌ക്വാഷ് ഉണ്ടാക്കിയിരുന്ന രീതിയും കരിക്കിനുള്ളില്‍ ശര്‍ക്കരയോ കരിപ്പട്ടിയോ നിറച്ച് പുഴുങ്ങിക്കഴിച്ചിരുന്ന വിഭവവും കമന്റുകളില്‍ ഇടംപിടിച്ചു. മണ്‍ചട്ടിയില്‍ ചുട്ട ഓട്ടട, കനലില്‍ ചുട്ട ഏത്തപ്പഴം, കപ്പ, ചക്കക്കുരു, മത്തന്‍ ഇലയില്‍ പൊതിഞ്ഞ് ചുട്ടെടുത്ത ചെറിയ മീനുകള്‍, മീനും ഞണ്ടും ചുട്ടുതിന്നിയ അനുഭവങ്ങള്‍ എന്നിവയും പലരും പങ്കുവെച്ചു. കശുമാങ്ങ പിഴിഞ്ഞെടുത്ത് മൈദയും ശര്‍ക്കരയും ചേര്‍ത്ത് ഹല്‍വയുണ്ടാക്കിയിരുന്ന ഓര്‍മയും ഒരാള്‍ പങ്കുവെച്ചിട്ടുണ്ട്.

54-ാം വയസിലും പഴയകാലത്ത് ചുട്ടും പുഴുങ്ങിയും കഴിച്ചിരുന്ന വിഭവങ്ങളോടാണ് കൂടുതല്‍ ഇഷ്ടമെന്ന് മറ്റൊരാള്‍ കുറിച്ചു. പ്രായം കൂടുന്തോറും പഴയ രുചികളോടുള്ള ഇഷ്ടവും ഗൃഹാതുരത്വവും വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടിക്കാലത്തെ ഇത്തരം ചെറിയ പാചകപരീക്ഷണങ്ങള്‍ കേവലം ഭക്ഷണത്തിന്റെ ഓര്‍മകള്‍ മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ ജീവിതരീതിയും നാട്ടറിവുകളും കൂടിയാണ് മുരളി തുമ്മാരുകുടി തന്റെ കുറിപ്പിലൂടെ അടയാളപ്പെടുത്തുന്നത്.

murali thummarukudi fb post on egg recepe
നാല് തരം പച്ചക്കറികൾ ചേർത്ത് രൺബീറിന്റെ സ്പെഷ്യൽ ഹെൽത്ത് ഡ്രിങ്ക്, പക്ഷെ 'ലോ പ്രഷർ' ഉള്ളവർ സൂക്ഷിക്കണം, റെസിപ്പി
murali thummarukudi fb post on egg recepe
പുഴുങ്ങിയ മുട്ട കൂടുതൽ രുചികരമാക്കാൻ കറിവേപ്പിലപ്പൊടി, റെസിപ്പി ഇതാ
murali thummarukudi fb post on egg recepe
നേന്ത്രപ്പഴം പഴുത്തുപോയോ? ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം
Summary

Murali Thummarukudy Revives Childhood Memories of Roasting Eggs in Jackfruit Leaves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER