
സംഭവം ഉപകാരിയാണെങ്കിലും നേരെ ചൊവ്വേ അല്ലെങ്കില്‍ മുട്ടന്‍ പണി തരുന്ന ഒരു ഐറ്റമാണ് മൈക്രോവേവ്. മൈക്രോവേവില്‍ ചൂടാക്കാന്‍ വെച്ച ഭക്ഷണം തിരിച്ചെടുക്കുമ്പോള്‍ ഒന്നുകില്‍ പകുതി ചൂടാകും അല്ലെങ്കില്‍ മൈക്രോവേവിനുള്ളില്‍ ഭക്ഷണം മുഴുവന്‍ തെറിച്ചു വീണു വൃത്തികേടാകും തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. മൈക്രോവേവ് കൃത്യമല്ലാതെ ഉപയോഗിക്കുന്നത് ഭക്ഷണത്തിന്റെ രുചിയെയും ഘടനയെയും പോഷകമൂല്യത്തെയും വരെ ബാധിക്കാം. എന്നാല്‍ മൈക്രോവേവിനെ കൃത്യമായി ഉപയോഗിക്കാന്‍ നമ്മള്‍ സ്ഥിരം ചെയ്യുന്ന ചില അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ മതി.
എന്തൊക്കെയാണ് ആ 5 അബദ്ധങ്ങളെന്ന് പരിശോധിക്കാം.
മൈക്രോവേവില്‍ ഭക്ഷണം വെക്കുമ്പോള്‍ പലരും ചെയ്യുന്ന അബദ്ധമാണ് പാത്രം മൂടാതെ വെക്കുക എന്നത്. ഇത് ഭക്ഷണം മൈക്രോവേവിനുള്ളില്‍ തെറിച്ചു വീഴാനും ഡ്രൈ ആകാനും കാരണമാകുന്നു. ഒരു ഗ്ലാസ് മൂടി ഉപയോഗിച്ച് ഭക്ഷണം മൂടുന്നത് ഭക്ഷണത്തിന്‍റെ ഈര്‍പ്പം നിലനിര്‍ത്താനും ഭക്ഷണം തെറിച്ചു വീഴുന്നതും തടയും.
മൈക്രവേവിൽ ഭക്ഷണം ചൂടാക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മൈക്രോവേവ് ഫ്രണ്ട്ലി ആയ പാത്രങ്ങൾ വേണം ഭക്ഷണം ചൂടാക്കാൻ എപ്പോഴും ഉപയോഗിക്കേണ്ടത്. ചില തരം പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടാകുമ്പോൾ ഉരുകാനും മാരകമായ കെമിക്കലുകൾ ഭക്ഷണത്തിലേക്ക് കടക്കാനും കാരണമാകും. ലോഹ പാത്രങ്ങൾ പോലും മൈക്രോവേവിൽ ഉപയോഗിക്കാൻ പാടില്ല. ഇത് ചിലപ്പോൾ സ്ഫോടനങ്ങൾ ഉണ്ടാക്കിയേക്കാം. ഗ്ലാസ്, സെറാമിക്, മൈക്രോവേവ് ഫ്രണ്ട്ലി പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.
എല്ലാവരും ചെയ്യുന്ന പൊതുവായ ഒരു തെറ്റാണ് മൈക്രോവേവ് ഡിഫോൾട്ട് പവറിൽ എല്ലാ ഭക്ഷണങ്ങളും ഒരേ പോലെ ചൂടാക്കിയെടുക്കുക. എന്നാൽ എല്ലാ ഭക്ഷണത്തിനും അതിന്റെ ആവശ്യമില്ല. ഭക്ഷണം അനുസരിച്ച് പവറിൽ മാറ്റം വരുത്താം. ചോക്ലേറ്റ്, ബട്ടർ, മുട്ട തുടങ്ങിയവയ്ക്ക് ചെറിയ ചൂടു മതിയാകും.
മൈക്രവേവിൽ ഭക്ഷണം ചൂടാക്കുമ്പോൾ ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രം ചൂടാകുന്ന അവസ്ഥ ഉണ്ടാകാറില്ലേ. മൈക്രോവേവ് അസമമായാണ് ഭക്ഷണം ചൂടാക്കുന്നത്. അതുകൊണ്ട് ഭക്ഷണത്തിന്റെ എല്ലാ ഭാഗവും തുല്യമാണ് ചൂടാകുന്നതിന് ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.
ബീപ്പ്-ബീപ്പ് സൗണ്ട് കേട്ടതിന് പിന്നാലെ തന്നെ ഭക്ഷണം മൈക്രേവേവിൽ നിന്ന് എടുക്കരുത്. മുൻപ് പറഞ്ഞ പോലെ മൈക്രോവേവ് ഭക്ഷണം അസമമായാണ് ചൂടാക്കുന്നത്. അതിനാൽ ചൂടാകൽ പ്രക്രിയ കഴിഞ്ഞ ശേഷം ഭക്ഷണത്തിന്റെ മറ്റ് ഭാഗത്തേക്കും ഈ ചൂട് പകരാൻ ഈ വിശ്രമ സമയം സഹായിക്കും. കൂടാതെ നന്നായി ചൂടായിരിക്കുന്ന ഭാഗത്തെ ചൂടു കുറച്ച് ആറാനും സഹായിക്കും. അതിനാൽ ബീപ്പ്-ബീപ്പ് സൗണ്ട് കേട്ട ശേഷം ഏതാനം മിനിറ്റുകൾക്ക് ശേഷം മൈക്രോവേവിൽ നിന്ന് ഭക്ഷണം എടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates