

ഇന്ന് ലോക കാൻസർ ദിനമാണ്. ലോകത്ത് കാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരികയാണ്. ഏതാണ്ട് 10 ദശലക്ഷത്തോളം കാൻസർ മരണങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തുന്നത് രോഗമുക്തിക്കുള്ള സാധ്യത വർധിപ്പിക്കും. എന്നാൽ പലരും പതിവ് സ്ക്രീനിങ്ങുകൾ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യാറാണ് പതിവ്.
ഇത് ഒരുപക്ഷെ, അവർ പുറമെ ആരോഗ്യവാന്മാരാണെന്ന് തോന്നുന്നതിനാലോ അല്ലെങ്കിൽ മോശം വാർത്തകളെ ഭയപ്പെടുന്നതിനാലോ ആയിരിക്കാം. കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ കാൻസറിനെ കണ്ടെത്താൻ ലളിതമായ ചില പതിവു ആരോഗ്യ പരിശോധനകൾക്ക് കഴിയും.
മാമോഗ്രാം
സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ ആണ് സ്തനാർബുദം. 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാവുന്ന കാൻസർ ആണെങ്കിലും കണ്ടെത്താൻ വൈകുന്നത് രോഗം ഗുരുതരമാകാൻ കാരണമാകുന്നു. സ്തനാർബുദം നേരത്തെ കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗം മാമോഗ്രാഫിയാണ്. 45 വയസ്സ് തികഞ്ഞതിന് ശേഷം വാർഷിക അടിസ്ഥാനത്തിൽ മാമോഗ്രാം ചെയ്യേണ്ടതാണ്.
മാമോഗ്രാമുകൾക്ക് പുറമെ സ്ത്രീകൾ തങ്ങളുടെ മാസമുറയ്ക്ക് ശേഷം സ്വയം സ്തന പരിശോധന നടത്താനും ഓരോ ആറ് മുതൽ പന്ത്രണ്ട് മാസത്തിലും ക്ലിനിക്കൽ സ്തന പരിശോധന നടത്താനും വിദഗ്ധർ നിർദേശിക്കുന്നു.
പാപ് സ്മിയറും HPV സ്ക്രീനിങ്ങും
സ്തനാർബുദം കഴിഞ്ഞാൽ സെർവിക്കൽ കാൻസർ ആണ് സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണുന്ന മറ്റൊരു കാൻസർ. സെർവിക്സിലെ കോശ മാറ്റങ്ങൾ കാൻസറായി മാറാൻ സാധ്യതയുണ്ടോയെന്ന് നേരത്തെ കണ്ടെത്താൻ പാപ് സ്മിയർ പരിശോധനയിലൂടെ സാധിക്കും. 25 വയസു മുതൽ പരിശോധന നടത്താം. ഓരോ മൂന്ന് മുതൽ അഞ്ച് വർഷം കൂടുമ്പോഴും സ്ക്രീനിങ് നടത്തുന്നു.
എച്ച്പിവി രോഗാണുക്കളാണ് സെർവിക്കൽ കാൻസറിന്റെ പ്രധാന കാരണമാകുന്നതെന്നതിനാൽ എച്ച്പിവി സ്ക്രീവിങ്ങും ഇതുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. രോഗനിർണ്ണയം നേരത്തെ തന്നെ നടത്താൻ സ്ക്രീനിങ് സഹായിക്കുമെങ്കിലും, ഏറ്റവും മികച്ച പ്രതിരോധ മാർഗം HPV വാക്സിൻ ആണ്.
അൾട്രാസൗണ്ടും CA-125 ഉം
പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത അണ്ഡാശയ കാൻസർ നിർണയിക്കാൻ പലപ്പോഴും പ്രയാസമാണ്. കുടുംബത്തിൽ മറ്റ് ആർക്കെങ്കിലും സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉണ്ടായിട്ടുണ്ടെങ്കിലോ BRCA1 അല്ലെങ്കിൽ BRCA2 ജീൻ മ്യൂട്ടേഷനുകൾ ഉള്ള സ്ത്രീകളിലോ സ്ക്രീനിങ് വളരെ പ്രധാനമാണ്. സാധാരണയായി അൾട്രാസൗണ്ട് അല്ലെങ്കിൽ ട്രാൻസ്‌വാജിനൽ സ്കാൻ, CA-125 രക്തപരിശോധന എന്നിവയിലൂടെ ഇത് നടത്താം.
കൊളോനോസ്കോപ്പി
റെഡ് മീറ്റ് ധാരാളം കഴിക്കുന്നവരിലും പാരമ്പര്യ നോൺ-പോളിപോസിസ് കൊളോറെക്ടൽ കാൻസർ പോലുള്ള പാരമ്പര്യ സിൻഡ്രോമുകൾ ഉള്ളവരിലും വൻകുടൽ കാൻസറിനുള്ള സ്ക്രീനിങ് വളരെ പ്രധാനമാണ്. കൊളോനോസ്കോപ്പി, ഫ്ലെക്സിബിൾ സിഗ്മോയിഡോസ്കോപ്പി, മലം പരിശോധന എന്നിവയാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്ന ചില രീതികൾ. അർബുദത്തിനു മുമ്പുള്ള പോളിപ്സ് നീക്കം ചെയ്യുന്നത് കാൻസർ വളർച്ചയെ തടയാൻ സഹായിക്കും.
ലോ ഡോസ് സിടി സ്കാൻ
ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ശ്വാസകോശത്തിലെ ചെറിയ മുഴകൾ തിരിച്ചറിയാൻ ലോ ഡോസ് സിടി സ്കാനുകൾക്ക് കഴിയും, മെഡിക്കൽ മേൽനോട്ടത്തിൽ മാത്രമേ ഇത് ചെയ്യാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates