സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 5 ഘടകങ്ങള്‍

സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 5 ഘടകങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
heart

ഇന്ത്യയില്‍ 18 ശതമാനം സ്ത്രീകളും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിക്കുന്നത്. ആർത്തവവിരാമ സമയത്ത് ഹോർമോൺ മാറ്റങ്ങൾ, എൻഡോമെട്രിയോസിസ്, ഗർഭധാരണവുമായി ബന്ധപ്പെട്ട സമ്മർദ്ദം തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന 5 ഘടകങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. സ്ത്രീകളുടെ ഹൃദയത്തിൻ്റെ ഘടന

heart

പുരുഷന്മാരുടെ ഹൃദയത്തെക്കാള്‍ സ്ത്രീകളുടെ ഹൃദയം ചെറുതും ചുവരുകള്‍ കട്ടി കുറഞ്ഞതുമാണ്. കൂടാതെ ഇടുങ്ങിയ രക്തക്കുഴലുകളായതിനാല്‍ രക്തം കട്ടപിടിക്കുന്നതിനോ പ്ലാക്ക് അടിഞ്ഞു കൂടുന്നതിനൊ ഉള്ള സാധ്യത കൂടുതലായിരിക്കും. നാഷണല്‍ ഹാര്‍ട്ട് ബ്ലഡ് ആന്റ് ലങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍എച്ച്ബിഎല്‍ഐ) നടത്തിയ ​ഗവേഷങ്ങൾ പ്രകാരം സ്ത്രീകളിൽ കൊറോണറി മൈക്രോവാസ്‌കുലാര്‍ ഡിസീസ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. സാധാരണ പരിശോധനയില്‍ ഹൃദയത്തിന്റെ മൈക്രോ ധമനികളുടെ തകരാർ കണ്ടെത്താൻ പ്രയാസമായിക്കും. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകും.

2. ആര്‍ത്തവവിരാമം

menopuase

പ്രത്യുത്പാദന കാലയളവില്‍ ഉയര്‍ന്ന അളവിലുള്ള ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം സ്ത്രീകളെ സ്വാഭാവികമായും ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമ സമയത്തോട് അടുക്കുമ്പോള്‍ ഈസ്ട്രജൻ, പ്രൊജസ്റ്റിറോണ്‍, ആന്‍ഡ്രോജന്‍ എന്നീ ഹോര്‍മോണുകളുടെ ഉല്‍പാദനത്തില്‍ കുറവുണ്ടാകുകയും ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ സമയത്ത് പുരുഷന്മാരുടെ അത്ര തന്നെ ഹൃദ്രോഗ സാധ്യത സ്ത്രീകളിലും ഉണ്ടാകാം. അതുകൊണ്ടാണ് നാല്‍പതു വയസ്സിന് ശേഷമുള്ള സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കാന്‍ കാരണം.

3. സാംക്രമികേതര രോഗങ്ങള്‍

medical checkups

സ്ത്രീകളില്‍ കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കൂട്ടാം. ഇന്ത്യയിലെ 40% സ്ത്രീകൾക്ക് ഉദര/വിസറൽ പൊണ്ണത്തടി ഉള്ളവരാണ്. വിസറൽ പൊണ്ണത്തടി ഹൃദ്രോഗങ്ങളുടെ ഒരു സൂചനയാണ്. കൂടാതെ രക്തത്തില്‍ കൊളസ്ട്രോളിന്‍റെയും പഞ്ചസാരയുടെയും അളവു കൂടുന്നത് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

4. എൻഡോമെട്രിയോസിസ്

woman

ഗര്‍ഭപാത്രത്തിൻ്റെ ആവരണത്തിന് സമാനമായ ടിഷ്യു ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത് അണ്ഡാശയത്തെയും ഫാലോപ്യൻ ട്യൂബുകളെയും പെൽവിസിനുള്ളിലെ ടിഷ്യുവിനെയും ബാധിക്കുന്നു. ഇന്ത്യയിൽ ഏതാണ്ട് 42 ദശലക്ഷം സ്ത്രീകളില്‍ എൻഡോമെട്രിയോസിസ് ഉണ്ടെന്നാണ് കണ്ടെത്തല്‍. അടുത്തിടെ പ്രസിദ്ധീകരിച്ച യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ഗവേഷണം അനുസരിച്ച് എൻഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ ഇസ്കെമിക് സ്ട്രോക്ക് (മസ്തിഷ്കത്തിലേക്ക് രക്തം നൽകുന്ന ധമനിയിലെ തടസ്സം) ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണ്.

5. ഗർഭധാരണം

pregnancy

ഗർഭധാരണം സ്ത്രീകളിൽ ഹൃദയ സംബന്ധമായ സമ്മർദ്ദം വർധിപ്പിക്കും. ഗർഭാവസ്ഥയിൽ രക്തത്തിൻ്റെ അളവ് 40-50% വർധിക്കുകയും കൂടുതൽ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയമിടിപ്പ് കൂടുകയും ചെയ്യുന്നു. ഗർഭകാലത്ത് അനുഭവപ്പെടുന്ന അധിക സമ്മർദ്ദം ഹൃദയസംബന്ധമായ അവസ്ഥകൾക്കും നിലവിലുള്ള അവസ്ഥകൾ വഷളാകുന്നതിനും ഇടയാക്കും. ഗർഭിണികളുടെ രക്തസമ്മർദ്ദം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com