

ഭക്ഷണം കഴിക്കുമ്പോൾ രുചിക്കാണ് ആദ്യ മുൻഗണന. എന്നാൽ പുതിയ പാചകക്കാരന്റെ കൈപുണ്യം ബിപി കൂടാൻ ഇടയാക്കിയെന്ന് നടൻ രജനികാന്ത്. അച്ചടക്കമുള്ള ജീവിതശൈലിയും ചിട്ടയായ വ്യായാമവും പിന്തുടരുന്ന താരം ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്നു. ആരോഗ്യസങ്കീർണതകൾ വലിയരീതിയിൽ ഇല്ലാത്തതു കൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.
ഒരു കല്യാണത്തിന് പോയപ്പോൾ അവിടുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ട് തന്റെ ഭാര്യ ലത, ആ പാചകക്കാരനെ വീട്ടിലെ പേഴ്സണൽ കുക്ക് ആക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. നിലവിലെ പാചകക്കാരന് സുഖമില്ലാത്തതിനാൽ പുതിയ പാചകക്കാരനെ തേടി നടക്കുന്ന സമയമായിരുന്നു അത്. നാരയണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ കൈ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വീട്ടിലെ എല്ലാവരുടെയും മനസ്സ് കീഴടക്കി- അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം പതിവ് പരിശോധനയിൽ തനിക്കും ഭാര്യയ്ക്കും ബിപി കൂടുതലാണെന്ന് കണ്ടെത്തി. ഡോക്ടറെ കാണിച്ചിട്ടും കുറവുണ്ടായില്ല. ഒരു ദിവസം വീട്ടിൽ സുഹൃത്തുക്കൾ എത്തിയപ്പോൾ അവരാണ് ഭക്ഷണത്തിലെ എരിവും ഉപ്പും സാധാരണയിലും കൂടുതലാണെന്ന് പറയുന്നത്., സ്ഥിരമായി ഉപ്പ് കൂടുതൽ കഴിക്കുന്നവർക്ക് കൃത്യമായ അളവു മനസ്സിലാകില്ല. പിന്നീട് പാചകക്കാരനോട് കാര്യങ്ങൾ അവതരിപ്പിച്ച് ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ ബിപിയും നിയന്ത്രണത്തിലായി-രജനികാന്ത് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം ഒരാൾക്ക് ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് അഞ്ച് ഗ്രാം ആണ്. എന്നുവെച്ചാൽ, രണ്ട് ഗ്രാം സോഡിയം (ഉപ്പ് എന്നത് 20 ശതമാനം സോഡിയവും ബാക്കി ക്ലോറൈഡുമാണ്). അമേരിക്കൻ ഹാർട് അസോസിയേഷൻ പറയുന്നത്, പ്രതിദിനം 1.5 ഗ്രാം സോഡിയം മതിയെന്നാണ്. എന്നാൽ ആഗോളതലത്തിൽ പ്രതിദിനം ഒരാൾ ശരാശരി 9-12 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates