കുട്ടികളിലെ കൂർക്കംവലി നിസ്സാരമായി കാണരുത്, വളർച്ചയെയും പഠനത്തെയും ബാധിക്കാം

രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായ ഈ ഗ്രന്ഥി കുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ്.
child sleeping, adenoid problems
child sleeping, adenoid problemsMeta AI Image
Updated on
2 min read

മൂക്കിൻ്റെ പിന്നിലും തൊണ്ടയുടെ മുകളിലുമായി സ്ഥിതിചെയ്യുന്ന ഒരു ലിംഫറ്റിക് ടിഷ്യുവാണ് അഡിനോയിഡ് (Adenoid) ഗ്രന്ഥി. രോഗപ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായ ഈ ഗ്രന്ഥി കുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ്. സാധാരണയായി 12 വയസ്സോടെ ഈ ഗ്രന്ഥികൾ ചുരുങ്ങാൻ തുടങ്ങുകയും കൗമാരപ്രായത്തിൽ ഏതാണ്ട് അപ്രത്യക്ഷമാവുകയും ചെയ്യും.

എന്നാൽ ചില കുട്ടികളിൽ അണുബാധ, അലർജി തുടങ്ങിയ കാരണങ്ങളാൽ അഡിനോയിഡുകൾ വീർക്കുകയും വലുതാവുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് അഡിനോയിഡ് ഹൈപ്പർട്രോഫി എന്ന് പറയുന്നത്. സ്വാഭാവിക വളർച്ചയുടെ ഭാഗമാണെങ്കിലും, ശ്വസനത്തിൽ ബുദ്ധിമുട്ടോ ഉറക്ക വൈകല്യങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

രോ​ഗലക്ഷണങ്ങൾ

വിട്ടുമാറാത്ത മൂക്കൊലിപ്പ്, തൊണ്ടവേദന, വായിലൂടെ ശ്വാസം എടുക്കുന്നത്, കൂ‌ർക്കംവലി, ചെവിയിലെ അണുബാധകൾ, സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വസനം ആവർത്തിച്ച് തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ).

അഡിനോയിഡ് ഹൈപ്പർട്രോഫിയുടെ കാരണങ്ങൾ

  • ആവർത്തിച്ചുള്ള അണുബാധകൾ (വൈറൽ ഫീവർ, സൈനസൈറ്റിസ്, ടോൺസില്ലൈറ്റിസ്)

  • അലർജികൾ

  • ജനിതകപരമായ ഘടകങ്ങൾ

  • അന്തരീക്ഷ മലിനീകരണം

  • ഗ്യാസ്ട്രോഈസോഫേജിയൽ റിഫ്ലക്സ് രോഗം (GERD)

  • പുക ശ്വസിക്കുന്നതിലൂടെ (Passive Smoking)

അഡിനോയിഡ് പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?

വലുപ്പം വർധിച്ച അഡിനോയിഡുകൾ മൂക്കിൻ്റെ പിൻഭാഗത്തുള്ള ശ്വാസനാളം തടസ്സപ്പെടുത്തുന്നതിലൂടെ കുട്ടികളിൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു. ചികിത്സിക്കാതെ വിട്ടാൽ ഈ അവസ്ഥ ഒരു കുട്ടിയുടെ വളർച്ചയെ, സ്വഭാവത്തെ, പഠന നിലവാരത്തെ, കൂടാതെ മുഖത്തിൻ്റെ ഘടനയെ പോലും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

  • ഉറക്കമില്ലായ്മയും കൂർക്കംവലിയും (Obstructive Sleep Apnea): വലുതായ അഡിനോയിഡുകൾ കാരണം കുട്ടികൾ വായിലൂടെ ശ്വാസമെടുക്കാൻ നിർബന്ധിതരാകുന്നു. രാത്രിയിൽ കൂർക്കംവലി കൂടുന്നതും, ചിലപ്പോൾ ശ്വാസം താൽക്കാലികമായി നിലച്ചുപോകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയക്ക് കാരണമാകുന്നു. നല്ല ഉറക്കം ലഭിക്കാത്തത് കുട്ടികളുടെ തലച്ചോറിൻ്റെ വികാസത്തെയും ശാരീരിക വളർച്ചയെയും തടസ്സപ്പെടുത്തുന്നു.

  • പഠന നിലവാരം: രാത്രിയിൽ ശരിയായി ഉറങ്ങാത്തത് കാരണം പകൽ സമയങ്ങളിൽ കുട്ടികൾക്ക് ശ്രദ്ധക്കുറവ്, ക്ഷീണം, അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ഇത് സ്കൂളിലെ പ്രകടനത്തെയും പഠനനിലവാരത്തെയും ദോഷകരമായി ബാധിക്കും.

  • സ്വഭാവ മാറ്റങ്ങൾ: ഉറക്കക്കുറവ് കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ, ശ്രദ്ധയില്ലായ്മ, ദേഷ്യം എന്നിവയ്ക്ക് കാരണമായേക്കാം. ചില കുട്ടികളിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലത്തിനും ഇത് വഴിയൊരുക്കും.

  • അഡിനോയിഡ് ഫേഷ്യസ് (Adenoid Facies): വായിലൂടെ നിരന്തരമായി ശ്വാസമെടുക്കുന്നത് കാരണം, മുഖത്തി​ന്റെ ആകൃതിയിൽ തന്നെ മാറ്റം ഉണ്ടാകുന്നു. മുഖം സാധാരണയേക്കാൾ മെലിഞ്ഞതും നീളമേറിയതുമായി കാണപ്പെടുന്നു, പല്ലുകളുടെ ക്രമങ്ങൾക്ക് വ്യത്യാസം ഉണ്ടാകുന്നു, മുകളിലെ ചുണ്ട് ചെറുതാകുന്നു തുടങ്ങിയവ എല്ലാം ലക്ഷണങ്ങളാണ്.

  • വിട്ടുമാറാത്ത ചെവി അണുബാധ: തിരിച്ചറിയാത്ത കേൾവിക്കുറവ്, ഇടയ്ക്കിടെയുള്ള ചെവിവേ​ദന, ചെവിയിൽ നിന്ന് സ്രവങ്ങൾ ഉണ്ടാകുന്നത്.

അഡിനോയിഡ് ശസ്ത്രക്രിയ എപ്പോൾ ആവശ്യമായി വരുന്നു?

​അഡിനോയിഡുകളുടെ വീക്കം ​ഗുരുതരമല്ലെങ്കിൽ മരുന്നുകൾ മാത്രം ഉപയോ​ഗിച്ച് ചികിത്സിക്കാൻ സാധിക്കും. നേസൽ സ്റ്റിറോയിഡുകൾ പോലുള്ളവയാണ് പ്രധാന ചികിത്സാ രീതീ. എന്നാൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയിൽ രോഗലക്ഷണങ്ങൾ കുറയാത്ത അവസ്ഥയിലും, കുട്ടിയുടെ ഉറക്കത്തെയും ശ്വാസമെടുപ്പിനെയും സാരമായി ബാധിക്കുമ്പോൾ, യൂസ്റ്റേഷ്യൻ ട്യൂബ് അടഞ്ഞത് കാരണം ചെവിയിൽ വീക്കം ഉണ്ടാകുകയും കേൾവിക്കുറവ് സംഭവിക്കുകയും ചെയ്യുമ്പോൾ, തുടർച്ചയായ മൂക്കിലെ തടസ്സവും സൈനസ് അണുബാധയും ഉണ്ടാകുമ്പോൾ, ഈ സാ​​ഹചര്യത്തിലാണ് ഡോക്ടർമാർ എൻഡോസ്കോപ്പിക് അഡിനോയിഡെക്ടമി എന്ന ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത്.

എൻഡോസ്കോപ്പിക് അഡിനോയിഡെക്ടമി- അഡിനോയിഡ് ഹൈപ്പർട്രോഫി നീക്കം ചെയ്യുന്നതിനുള്ള ഒരു ശസ്ത്രകിയാ രീതിയാണിത്. എൻഡോസ്കോപ്പ് (ചെറിയ ക്യാമറ) ഉപയോ​ഗിക്കുന്നതിനാൽ ഡോക്ടർക്ക് അഡിനോയിഡ് വ്യക്തമായി കാണാനും കൃത്യമായി നീക്കം ചെയ്യാനും സാധിക്കും. ഇത് കൂടുതൽ സുരക്ഷിതവും, വേദന കുറഞ്ഞതുമായ ശസ്ത്രക്രിയാ രീതിയാണ്. ശസ്ത്രക്രിയ വായയിലൂടെയും, മൂക്കിലൂടെയുമാണ് നടത്തുന്നത്. തൊലിപ്പുറത്ത് മുറിവുകളോ തുന്നലുകളോ ഉണ്ടാകില്ല. സുരക്ഷിതവും വേദനയില്ലാത്തതുമായ ജനറൽ അനസ്തേഷ്യ നൽകുന്നതിനാൽ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്കിടെ വേ​​​ദന അനുഭവപ്പെടില്ല. വേ​ഗത്തിൽ സുഖംപ്രാപിക്കാനും സഹായിക്കും.

നേരത്തെയുള്ള ചികിത്സയുടെ പ്രാധാന്യം

  • നല്ല ഉറക്കം ലഭിക്കുകയും, ഇത് കുട്ടിയുടെ വളർച്ചയെയും തലച്ചോറിൻ്റെ വികാസത്തെയും സഹായിക്കുകയും ചെയ്യുന്നു.

  • പഠനത്തിലുള്ള ശ്രദ്ധ വർദ്ധിക്കുകയും സ്വഭാവ വൈകല്യങ്ങൾ കുറയുകയും ചെയ്യുന്നു.

  • ചെവി അണുബാധകൾ, സൈനസൈറ്റിസ് എന്നിവയുടെ സാധ്യത കുറയുന്നു.

  • മുഖത്തിൻ്റെ സ്വാഭാവികമായ വളർച്ച നിലനിർത്താൻ സഹായിക്കുന്നു.

അതുകൊണ്ട്, കുട്ടികളിൽ ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഉറക്കെയുള്ള കൂർക്കം വലി, വിട്ടുമാറാത്ത ജലദോഷം ‌തുടങ്ങിയ രോ​ഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒരു ഇ.എൻ.ടി (ENT) വിദഗ്ദ്ധൻ്റെ ഉപദേശം തേടണം. നേരത്തെയുള്ള ചികിത്സ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.

Dr. Jai Richo Johnson
Dr. Jai Richo Johnson .

തയ്യാറാക്കിയത്: ഡോ. ജയ് റിച്ചോ ജോൺസൺ, കൺസൾട്ടന്റ്, ഇഎൻടി, അപ്പോളോ അഡ്ലക്സ് ആശുപത്രി, അങ്കമാലി

Summary

Adenoid problems in children and its symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com