പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫം​ഗസും മുഖക്കുരുവും സ്വയം ചികിത്സിക്കുന്നവർ സൂക്ഷിക്കുക; ക്രീമുകളിലെ സ്റ്റിറോയിഡ് സാന്നിധ്യം പ്രശ്നമാകും 

സ്റ്റിറോയിഡ് ക്രീമുകൾ ദുരുപയോഗം ചെയ്ത് ഗുരുതര ത്വക്ക് രോ​ഗങ്ങളാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് ​ഗവേഷകർ 
Published on

ഫംഗസ് അണുബാധയും മുഖക്കുരുവുമൊക്കെ ചികിത്സിക്കാൻ വലിയൊരു ശതമാനം രോ​ഗികൾ സ്റ്റിറോയിഡ് ക്രീമുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പഠനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)റായ്പൂർ നടത്തിയ പഠനത്തിൽ ‍80 ശതമാനം രോ​ഗികൾ സ്റ്റിറോയിഡ് ക്രീമുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ ഫലമായി ​ഗുരുതര ത്വക്ക് രോ​ഗങ്ങളാണ് കണ്ടുവരുന്നതെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. 

ചർമ്മം ചുവക്കുക, പഴുപ്പ് നിറഞ്ഞ മുറിവുകൾ, ചർമ്മ അണുബാധകൾ, ചർമ്മം ചുരുങ്ങുക, അസാധാരണമായ രോമവളർച്ചയോടെ മുഖത്തെ ചർമ്മം വിളരുക തുടങ്ങി പലതരം പ്രശ്നങ്ങളാണ് ഇതിനോടനുബന്ധമായി കണ്ടെത്തിയത്. എയിംസിന്റെ ഡെർമറ്റോളജി വിഭാഗം 350 രോ​ഗികളിൽ കോർട്ടികോസ്റ്റീറോയിഡുകളെക്കുറിച്ചുള്ള അറിവും മനോഭാവവും വിലയിരുത്താനാണ് പഠനം നടത്തിയത്. 

സോറിയാസിസ്, എക്സിമ, വിറ്റിലിഗോ തുടങ്ങിയ ചർമ്മരോഗങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് ടോപ്പിക്കൽ സ്റ്റിറോയിഡുകൾ. ശരിയായ വിവരം നേടാതെ ഈ ക്രീമുകൾ രോഗികൾ പതിവായി ദുരുപയോഗം ചെയ്യുന്നു. വളരെ എളുപ്പത്തിൽ വിലക്കുറവിൽ വിപണിയിൽ ലഭിക്കുന്നതാണ് ഈ സ്വയം ചികിത്സയുടെ പ്രധാന കാരണം. ഇത്തരം രോ​ഗികൾ സ്കിൻ ഡോക്ടറുടെ അടുക്കൽ എത്തുമ്പോഴേക്കും ചർമ്മം വീണ്ടെടുക്കാൻ സാധിക്കാത്തവണ്ണം മോശമായ അവസ്ഥയിൽ എത്തിയിട്ടുണ്ടാകുമെന്ന് പഠനം പറയുന്നു. 

പഠനത്തിൽ പങ്കെടുത്തവരിൽ 40 ശതമാനം പേർക്ക് സ്റ്റിറോയിഡ് ക്രീമുകൾ ഡോക്ടർമാർ നിർദേശിച്ച് നൽകിയിട്ടുണ്ട്. 55 ശതമാനം പേരാകട്ടെ സ്വയം തീരുമാനിച്ച് ഇത്തരം ക്രീമുകൾ ഉപയോ​ഗിക്കുന്നവരാണ്. 5ശതമാനം രോ​ഗികൾ മാത്രമാണ് ഇവ ഉപയോ​ഗിക്കുന്നതിന് മുമ്പ് ത്വക്ക്രോ​ഗവിദ​ഗ്ധരുടെ ഉപദേശം തേടുന്നത്. ഏത് പേരിലുള്ള സ്കിൻ ക്രീം ഉപയോ​ഗിക്കുന്നതിന് മുമ്പും അവയിൽ എന്തെല്ലാമാണ് അടങ്ങിയിട്ടുള്ളതെന്ന് മനസ്സിലാക്കണമെന്നും ​സ്റ്റിറോയിഡുകളായ ക്ലോബെറ്റാസോൾ, ബെറ്റാമെത്തസോൺ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ​ഗവേഷകർ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com