പിസിഒഎസ് ചികിത്സിക്കാൻ മലേറിയ വിരുദ്ധ മരുന്ന് സഹായിക്കുമെന്ന് പഠനം
ആന്റി-മലേറിയൻ മരുന്നായ ആർട്ടിമിസിനിൻ സ്ത്രീകളിൽ കാണപ്പെടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പുതിയ പഠനം. ഹെർബൽ എക്സ്‌ട്രാക്റ്റ് ആർട്ടിമിസിനിൻ അണ്ഡാശയത്തിൽ അമിതമായി ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദിപ്പിക്കുന്നത് കുറച്ചതായും തുടർച്ചയായി 12 ആഴ്ച മരുന്ന് കഴിച്ച സ്ത്രീകളിൽ ആർത്തവചക്രത്തിന്റെ ക്രമം മെച്ചപ്പെട്ടതായും കണ്ടെത്തി.
സ്ത്രീകളിൽ അണ്ഡാശയങ്ങൾ അമിത അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദിപ്പിക്കുമ്പോഴാണ് പിസിഒഎസ് എന്ന അവസ്ഥയുണ്ടാകുന്നത്. ഇത് ക്രമരഹിതമായ ആർത്തവത്തിന് കാരണമാവുകയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. ചിലരിൽ ഇൻസുലിൻ പ്രതിരോധം വികസിപ്പിച്ചു കൊണ്ട് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ശരീരഭാരം കൂടാനും ഇത് കാരണമാകും. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് മുഖത്തെ അമിത രോമത്തിനും മുഖക്കുരുവിനും കാരണമാകും.
നിലവിൽ പിസിഒഎസ് അവസ്ഥയ്‌ക്ക് പൂർണ്ണമായും ഫലപ്രദമായൊരു ചികിത്സയില്ല. ഗർഭനിരോധന ഗുളികൾ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ തടയുകയും ക്രമരഹിതമായ ആർത്തവം ക്രമപ്പെടുത്താനും സഹായിക്കും. ഗർഭധാരണം സാധ്യമല്ലാത്ത പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ഫെർട്ടിലിറ്റി മരുന്നുകളോ ശസ്ത്രക്രിയയോ അണ്ഡോത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനും ഡോക്ടർമാർ നൽകാറുണ്ട്. ചൈനയിലെ ഫുഡാൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ക്ലിനിക്കൽ ട്രയൽ ആരോഗ്യ മേഖലയിൽ പുതിയ ചവടുവെപ്പായാണ് കണക്കാക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അണ്ഡാശയത്തിലെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് നിർണായകമായ CYP11A1 എന്ന എൻസൈമിനെ ആർട്ടിമിസിനിൻ തടയുമെന്ന് കണ്ടെത്തി. എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. പിസിഒഎസ് പോലുള്ള അവസ്ഥയുള്ള എലികളിൽ ആർട്ടിമിസിനിൻ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതായി കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. തുടർന്ന് പിസിഒഎസുള്ള 19 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ മികച്ച ഫലമുണ്ടായി. മൂന്ന് മാസത്തെ ആർട്ടിമിസിനിൻ ചികിത്സയ്ക്ക് ശേഷം ട്രയലിൽ പങ്കെടുത്ത എല്ലാവരിലും ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറഞ്ഞതായി കണ്ടെത്തി. കൂടാതെ, 12 സ്ത്രീകൾക്ക് ആർത്തവ ക്രമം പുനഃസ്ഥാപിക്കപ്പെട്ടു.
അതേസമയം, ദീർഘകാലത്തേക്ക് മരുന്ന് കഴിക്കുന്നതിൻ്റെ അപകടസാധ്യതകൾ വിലയിരുത്തുന്നതിന് വിശാലമായ പഠനം ആവശ്യമാണ്. മരുന്ന് ഫെർട്ടിലിറ്റി പുനഃസ്ഥാപിക്കുമോ എന്ന ചോദ്യവും ബാക്കിയാണ്. ഇത് ഒരു സാധ്യതയുള്ള നേട്ടമായിരിക്കാം, പക്ഷേ ഗർഭകാലത്ത് ഹോർമോൺ അടിച്ചമർത്തുന്ന മരുന്ന് ഉപയോഗിക്കുന്നതിൽ നിന്ന് ഗുരുതരമായ അപകടങ്ങളും ഉണ്ടാകാമെന്നും ഗവേഷകർ ചൂണ്ടികാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

