

സോഷ്യൽമീഡിയയിലെ ഡയറ്റ് ട്രെൻഡുകൾ വിശ്വസിച്ച് തടി കുറയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ട്, അവസാനം പണികിട്ടിയ ഒരുപാട് അനുഭവങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഇന്ന് ലോക പൊണ്ണത്തടി ദിനമാണ്. ലോകത്ത് തടിയന്മാരുടെ എണ്ണം കുത്തനെ കൂടിവരുന്ന സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം വർധിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡക്കൽ റിസർച്ചും ഇന്ത്യ ഡയബെറ്റിസും പുറത്തുവിട്ട റിപ്പോർട്ടിൽ അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. കുടവയറന്മാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തും.
അനാരോഗ്യകരമായ ഭക്ഷണരീതി മുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ വരെയുള്ള ഘടകങ്ങൾ നമ്മുടെ തടി കൂടാൻ കാരണമാകുന്നുണ്ട്. അതിൽ സോഷ്യൽമീഡിയയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ദിവസത്തിന്റെ നല്ലൊരു ഭാഗവും സോഷ്യൽമീഡിയയിൽ ചെലവിടുന്ന നമ്മെ മാറിയും തിരിഞ്ഞും വരുന്ന ട്രെൻഡുകൾ വലിയതോതിൽ സ്വാധീനിക്കാറുണ്ട്.
ഭക്ഷണശീലങ്ങൾ
ഇൻഫ്ലുവൻസർമാർ ഓരോ ദിവസവും പരിചയപ്പെടുത്തുന്ന പുതിയ ട്രെൻഡുകൾ, റെസിപ്പികൾ രുചിച്ചു നോക്കണമെന്ന ആഗ്രഹം ഉണ്ടാക്കും. ഫാസ്റ്റ് ഫുഡുകളുടെ പരസ്യങ്ങളും റീലുകളുമൊക്കെ ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുന്നതാണ്. ഇത് അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്ക് നയിക്കും. ഇത് നമ്മുടെ തടി കൂടാനും ആരോഗ്യം മോശമാകാനും കാരണമാകും.
ക്രാഷ് ഡയറ്റുകൾ
സോഷ്യൽമീഡിയയിൽ സമയം ചെലവഴിക്കുന്നത് ശാരീരിക നിഷ്ക്രിയത്വം നിലനിർത്താൻ കാരണമാകുന്നുണ്ട്. മണിക്കൂറുകൾ ഇങ്ങനെ ഇരിക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കാം. മാത്രമല്ല, ശരീരഭാരം വളരെ കുറഞ്ഞ കാലയളവിൽ കുറയ്ക്കുന്നതിന് സോഷ്യൽമീഡിയയിൽ വൈറലാകുന്ന പല തരം ക്രാഷ് ഡയറ്റുകൾക്കും ശാസ്ത്രീയമായ അടിത്തറ ഉണ്ടായിരിക്കണമെന്നില്ല. പലരും ഇത്തരം കർശന ഡയറ്റ് പിന്തുടരുകയും പിന്നീട് പഴയ ശരീരഭാരത്തിലേക്ക് തിരിച്ചുവരികയും ചെയ്യും.
പ്രൊഫണൽ മേൽനേട്ടമില്ലാതെ ഭക്ഷണക്രമങ്ങൾ പിന്തുടരുന്നത് പോഷകക്കുറവ്, അമിതവിശപ്പ് തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ക്രാഷ് ഡയറ്റുകൾ പെട്ടെന്ന് ഫലപ്രദമാണെന്ന് തോന്നിയാലും അത് താൽക്കാലികമായിരിക്കും. ശരീരത്തിന് മതിയായ പോഷകാഹാരം ലഭിക്കാതെ വരുമ്പോൾ, അത് മെറ്റബോളിക് പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കും. പിന്നീട് സാധാരണ ഭക്ഷണശീലത്തിലേക്ക് എത്തുമ്പോൾ, മന്ദഗതിയിലുള്ള മെറ്റബോളിസം വേഗത്തിലുള്ള കൊഴുപ്പ് സംഭരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം വീണ്ടെടുക്കുന്നതിലേക്ക് നയിക്കുന്നു.
വിശപ്പും സംതൃപ്തിയും നിയന്ത്രിക്കുന്ന ലെപ്റ്റിൻ, ഗ്രെലിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ആവർത്തിച്ചുള്ള നിയന്ത്രണ ഭക്ഷണക്രമം തടസ്സപ്പെടുത്താനിടയാക്കും. കർശനമായ ഭക്ഷണ നിയമങ്ങൾ പലപ്പോഴും നിരാശ, കുറ്റബോധം, അമിത ഭക്ഷണം എന്നിവയിലേക്ക് നയിക്കും.
എന്നാൽ സോഷ്യൽമീഡിയ വഴി തെറ്റിക്കാമെങ്കിലും വിശ്വസനീയമായ പോഷകാഹാര വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സുസ്ഥിരമായ ജീവിതശൈലി മാറ്റങ്ങൾ കൊണ്ടുവരുന്നതിനും വിദഗ്ധരുമായി ബന്ധം സൃഷ്ടിക്കാൻ സോഷ്യൽമീഡിയ ഉപയോഗിക്കാവുന്നതാണ്. തെറ്റിദ്ധരിക്കപ്പെടുന്ന വിവരങ്ങൾ അമിതമായി സെൻസേഷണലൈസ് ചെയ്യപ്പെടുന്നതാണ് വെല്ലുവിളിയാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates