

ആന്റിബയോട്ടിക് കഴിച്ചിട്ടും രോഗശാന്തി ഉണ്ടാവാത്തതിന്റെ കാരണം ഒരുപക്ഷെ നിങ്ങളുടെ ഡയറ്റ് ആകാം. ഇൻഫക്ഷൻ സാധ്യത ഉണ്ടെങ്കിലോ രോഗം ദീർഘനാൾ തുടരുകയോ ചെയ്യുമ്പോഴാണ് ആന്റിബയോട്ടിക്കുകൾ സാധാരണ ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ ഇത് കാരണമാകും.
ആന്റിബയോട്ടിക്ക് ചികിത്സ ആരംഭിക്കുമ്പോൾ, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഭക്ഷണക്രമം കൃത്യമായില്ലെങ്കിൽ അത് ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം താറുമാറാകും. ആന്റിബയോട്ടിക് കഴിക്കുന്ന സമയത്ത് കഴിക്കാന്‍ പറ്റാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
പാല്‍ ഉല്‍പ്പന്നങ്ങള്‍
ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. ഇതിൽ അടങ്ങിയ കാൽസ്യം ആൻ്റിബയോട്ടിക്കുകളുമായി പ്രതിപ്രവർത്തനം നടത്താൻ കാരണമായേക്കാം.
ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്.
അയണ്‍ അടങ്ങിയ ഭക്ഷണം
അയൺ അടങ്ങിയ ഭക്ഷണവും ആൻ്റിബയോട്ടിക് കഴിക്കുമ്പോള്‍ പ്രശ്നമാണ്. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നു മണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇല വര്‍ഗങ്ങള്‍, നട്‌സ്, ചോക്‌ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം.
മദ്യം
ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.
സിട്രസ് പഴങ്ങള്‍
നാരങ്ങ, ഓറഞ്ച് പോലെ സിട്രസ് പഴങ്ങള്‍ ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ഒഴിവാക്കണം. കൂടാതെ തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു.
നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം
ഉയർന്ന അളവിൽ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാം. ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തന വേഗം കുറയ്ക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates