

സൗന്ദര്യവർദ്ധക വസ്തുകളില്‍ സാധാരണയായി കാണപ്പെടുന്ന പാരബെൻസും ഫ്താലേറ്റുകളും ഒഴിവാക്കുന്നത് സ്തനകലകളിലെ കാൻസറുമായി ബന്ധപ്പെട്ട മാറ്റങ്ങളെ തടയുമെന്ന് പുതിയ പഠനം. ലോകത്ത് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ ആണ് സ്തനാര്‍ബുദം. സ്തന ലോബ്യൂളുകളിലോ നാളങ്ങളിലോ ഉള്ള കോശങ്ങളുടെ അസാധാരണ വളർച്ചയാണ് സ്തനാര്‍ബുദം എന്നത്.
എന്താണ് പാരബെൻസും ഫ്താലേറ്റുകളും
സൗന്ദര്യവർദ്ധക വസ്തുക്കളിലും പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലും സാധാരണയായി അടങ്ങിയിരിക്കുന്ന സീനോ ഈസ്‌ട്രോജനിക്ക് ആയ സംയുക്തങ്ങളാണ് പാരബെൻസും ഫ്താലേറ്റുകളും. ഇവ ഉല്‍പ്പന്നങ്ങളുടെ സുഗന്ധം വർധിപ്പിക്കുന്നതിനും പ്രിസർവേറ്റീവുകളായും പ്രവര്‍ത്തിക്കുന്നു. ഇവ സീനോ ഈസ്ട്രജൻ സംയുക്തങ്ങളാണ്. ഇവ സ്തനാർബുദ വികസനത്തിന് കാരണമാകുന്ന ഈസ്ട്രജനെ അനുകരിക്കുന്ന സിന്തറ്റിക് സംയുക്തങ്ങൾ.
വെറും 28 ദിവസം ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നത് സ്തനകോശങ്ങളില്‍ കാൻസറുമായി ബന്ധപ്പെട്ട ഫിനോടൈപ്പുകളുടെ ശേഖരണം കുറയുന്നുവെന്ന് പ്രകടമായതായി കീമോസ്പിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്തനാർബുദ പ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് സെല്ലുലാർ തലത്തിൽ കാർസിനോജെനിക് അനുകൂല ഫിനോടൈപ്പുകളെ അടിച്ചമർത്താനുള്ള സാധ്യത ഈ പഠനം വ്യക്തമാക്കുന്നു.
പാരബെൻസ് എവിടെയൊക്കെ കാണാം
സൗന്ദര്യവർദ്ധക വസ്തുക്കൾ, പേഴ്സണല്‍ കെയര്‍ ഉൽപ്പന്നങ്ങൾ, ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ് പോലുള്ളവയില്‍ ബാക്ടീരിയ, ഫംഗസ്, യീസ്റ്റ് എന്നിവയുടെ വളർച്ച തടയുന്നതിനും അതുവഴി ഉൽപ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിനും സാധാരണയായി ഉപയോഗിക്കുന്ന ഒരു കൂട്ടം കെമിക്കൽ പ്രിസർവേറ്റീവുകളാണ് പാരബെൻസ്. എഫ്ഡിഎ പോലുള്ള റെഗുലേറ്ററി ബോഡികൾ പൊതുവെ സുരക്ഷിതമായാണ് പാരബെൻസുകളെ കാണുന്നത്.
മേക്കപ്പ്, മോയ്‌സ്ചറൈസര്‍, ഷാംപൂ, കണ്ടീഷണര്‍, ബോഡി ലോഷന്‍, സൺസ്‌ക്രീന്‍ തുടങ്ങിയ ഉൽപ്പന്നങ്ങളില്‍ പാരബെൻസ് അടങ്ങിയിട്ടുണ്ട്.
ഫ്താലേറ്റുകൾ എവിടെയൊക്കെ കാണാം
പ്ലാസ്റ്റിക്കുകളെ കൂടുതൽ വഴക്കമുള്ളതും, ഈടുറ്റതാക്കുന്നതിനും, ഷെൽഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന രാസ അഡിറ്റീവുകളാണ് ഫ്താലേറ്റുകൾ. പ്ലാസ്റ്റിക് റാപ്പുകൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയില്‍ ഇവ സ്ഥിരമായി കാണാം.
പ്ലാസ്റ്റിക് പാക്കേജിങ്, കളിപ്പാട്ടങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, നെയിൽ പോളിഷ്, പെർഫ്യൂമുകൾ എന്നിവയില്‍ ഫ്താലേറ്റുകൾ അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates