മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത, ലക്ഷണങ്ങള്‍ മാറിയാലും പകര്‍ച്ചാ സാധ്യത

തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു
Contaminated water and food are dangerous: Be vigilant against cholera, risk of transmission even after symptoms disappear
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു
Updated on
1 min read

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശിവേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവര്‍ക്കെല്ലാവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്.

കോളറ വളരെ ശ്രദ്ധിക്കണം

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

രോഗലക്ഷണങ്ങള്‍

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.

ശ്രദ്ധിക്കുക

രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറ പ്രതിരോധം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്

ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക

ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി കഴുകുക.

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക

മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക

പരിസരം ശുചിയായി സൂക്ഷിക്കുക.

വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിയ്ക്കുക

ഒ.ആര്‍.എസ്. പാനീയം ഏറെ നല്ലത്

എത്രയും വേഗം ചികിത്സ തേടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com