

കൊഴുപ്പിനെ വിഘടിപ്പിക്കുന്നതിന് കരൾ ഉൽപാദിപ്പിക്കുന്ന ബൈൽ ആസിഡിന്റെ (പിത്തരസം) അസന്തുലിതാവസ്ഥ കരൾ കാൻസറിന് കാരണമാകാമെന്ന് പുതിയ പഠനം. കൊഴുപ്പുകളുടെയും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെയും ദഹനത്തിലും ആഗിരണത്തിലും ബൈൽ ആസിഡ് നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഇവയുടെ അസന്തുലിതാവസ്ഥ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC) ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾക്ക് കാരണമാകാമെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് ഡെന്റൽ മെഡിസിനിലെ ഡെവലപ്‌മെന്റ് ബയോളജി ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
കരളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ബൈൽ ആസിഡ് ഒരു പ്രകൃതിദത്ത ഡിറ്റർജന്റായി പ്രവർത്തിക്കുകയും കൊഴുപ്പിനെ ചെറുകുടലിനെ കോശങ്ങൾക്ക് വേഗത്തിൽ ആഗിരണം ചെയ്യാന്‍ സഹായകരമാകുന്ന തരത്തില്‍ ചെറിയ തുള്ളികളായി വിഘടിപ്പിക്കുന്നു. കൂടാതെ കൊളസ്ട്രോൾ മെറ്റബോളിസത്തിന്‍റെ നിയന്ത്രണം, കോശ പ്രവർത്തനങ്ങളുടെ സിഗ്നലിങ് എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രക്രിയകളിലും ബൈല്‍ ആസിഡുകൾ ഉൾപ്പെടുന്നു.
സെൽ സിഗ്നലിങ്ങിനെ കുറിച്ചുള്ള പഠനത്തിൽ ഹിപ്പോ/വൈഎപി പാത ട്യൂമർ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ബൈല്‍ ആസിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ അതിശയിപ്പിക്കുന്ന പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വൈഎപി ഒരു റിപ്രസ്സറായി പ്രവർത്തിക്കുകയും എഫ്എക്സ്ആർ എന്നറിയപ്പെടുന്ന ഒരു പ്രധാന ബൈൽ ആസിഡ് സെൻസറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായും പഠനത്തില്‍ കണ്ടെത്തിയെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത് കരളിൽ ബൈൽ ആസിഡുകളുടെ അമിത ഉൽപാദനത്തിന് കാരണമാവുകയും ഫൈബ്രോസിസിനും വീക്കത്തിനും കാരണമാവുകയും ഒടുവിൽ കരൾ അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
എന്നാൽ എഫ്എക്സ്ആർ പ്രവർത്തനം വർധിപ്പിച്ചോ ബൈൽ ആസിഡിന്റെ വിസർജ്ജനം പ്രോത്സാഹിപ്പിച്ചോ വൈഎപിയുടെ റെപ്രസ്സർ പ്രവർത്തനം തടയുന്നത് ഈ ദോഷകരമായ ചക്രം നിയന്ത്രിക്കുന്നത് സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എഫ്എക്സ്ആർ സജീവമാക്കൽ, വൈഎപി റെപ്രസ്സർ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന എച്ച്ഡിഎസി1 തടയൽ, അല്ലെങ്കിൽ ബൈൽ ആസിഡ് എക്പോർട്ട് പ്രോട്ടീൻ (BSEP) വർധിപ്പിക്കൽ എന്നിവയെല്ലാം കരൾ തകരാറും കാൻസർ രോഗങ്ങളും കുറയ്ക്കാൻ സഹായിച്ചുവെന്നും പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. എഫ്എക്സ്ആർനെ ഉത്തേജിപ്പിക്കുന്ന മരുന്നുകൾ ഉൽപ്പാദിക്കേണ്ടതിന്റെ ആവശ്യവും പഠനം ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates