

വര്‍ഷംതോറും വര്‍ധിച്ചുവരുന്ന, ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന നാഡീവ്യവസ്ഥാ രോഗമാണ് അല്‍ഷിമേഴ്‌സ്. ഇത് സാധാരണയായി 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് കാണപ്പെടാറുള്ളതെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവര്‍ക്കും ഈ രോഗം ബാധിക്കാം. തലച്ചോറിൽ ചില ടോക്സിക് പ്രോട്ടീനുകൾ അടിഞ്ഞു കൂടുന്നതാണ് പ്രധാനമായും അൽഷിമേഴ്സിലേക്ക് നയ്ക്കുന്ന പ്രധാന കാരണം.
ഇത് കാലക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാനും ഓർമ നഷ്ടപ്പെടുന്നതിലേക്കും ചിന്താശേഷി ദുർബലമാകുന്നതിനും കാരണമാകാം. സാധാരണയായി പെറ്റ് സ്കാനിങ്ങിലൂടെയും സ്പൈനൽ ടാപ്പ് പരിശോധനയിലൂടെയുമൊക്കെയാണ് അൽഷിമേഴ്സ് രോഗനിർണയം നടത്തിയിരുന്നത്.
ഇത് രണ്ടും സമയം എടുക്കുന്നതും ചെലവേറിയതുമാണ്. എന്നാൽ അത്രയൊന്നും പോകാതെ ലളിതമായ ഒരു രക്തപരിശോധനയിലൂടെ അൽഷിമേഴ്സ് രോഗനിർണയം നടത്താൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
'ലുമിപൾസ് ജി pTau217/β-അമിലോയിഡ് 1-42 പ്ലാസ്മ' എന്ന രക്ത പരിശോധനയിലൂടെ തലച്ചോറിലെ ഫോസ്ഫോറിലേറ്റഡ് ടൗ 217 (p-Tau217), ബീറ്റാ-അമിലോയിഡ് 1-42 എന്നീ രണ്ട് പ്രോട്ടീനുകളുടെ അളവ് വിശകലനം ചെയ്യുന്നതിലൂടെ അൽഷിമേഴ്സ് രോഗം തിരിച്ചറിയാനാകുമെന്ന് ഗവേഷകർ പറയുന്നു. പരിശോധനയ്ക്ക് എഫ്ഡിഎ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പരിശോധനഫലങ്ങൾ 92 ശതമാനത്തോളം കൃത്യമായിരുന്നുവെന്നും പഠനത്തിലൂടെ തെളിയിക്കപ്പെട്ടുവെന്നും ഗവേഷകർ പറയുന്നു.
രോഗത്തിന്റെ സാധ്യമായ ചികിത്സാഫലങ്ങളെക്കുറിച്ചറിയാനും രക്തപരിശോധന സഹായിക്കും. രോഗലക്ഷണങ്ങളില്ലാത്തവരില്‍ പോലും ഫോസ്‌ഫോ-ടൗ 231, എബി 42/40 തുടങ്ങിയ ഒന്നിലധികം രക്ത ബയോ മാര്‍ക്കറുകള്‍ ഉപയോഗിച്ച് അല്‍ഷിമേഴ്‌സ് തിരിച്ചറിയാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates