
മനുഷ്യ ശരീരത്തിന്റെ നാഡീവ്യവസ്ഥയുടെ ആജ്ഞാ കേന്ദ്രമാണ് മസ്തിഷ്കം. മസ്തിഷ്ക വികസനത്തിലും ഉത്തേജനത്തിലും പോഷകാഹാരം പ്രധാനമാണ്. അവശ്യ ഫാറ്റി ആസിഡുകൾ (ഇഎഫ്എ), വിറ്റാമിൻ ബി-കോംപ്ലക്സ്, വിറ്റാമിൻ സി, അമിനോ ആസിഡ് തുടങ്ങിയവയാണ് മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ.
തലച്ചോറിന് ആവശ്യമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഓറഞ്ച്, നാരങ്ങ, ഇലക്കറികൾ, ബ്രൊക്കോളി, കുരുമുളക്, കാപ്‌സിക്കം തുടങ്ങിയവയിൽ അടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോ ന്യൂട്രിയൻ്റുകളും മസ്തിഷ്ക കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ അടങ്ങിയ ഗ്ലൂക്കോസ് മസ്തിഷ്കം ഇന്ധനത്തിനായി ഉപയോഗിക്കുന്നു. ധാന്യങ്ങൾ, തിനകൾ, അന്നജം അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ അടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ മസ്തിഷ്ക ആരോഗ്യത്തിന് ഗുണകരമാണ്.
ശരീരത്തിന് നിർമ്മിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ ലഭ്യമാകണം. ഫ്ലാക്സ് സീഡ്, സോയ ബീൻസ്, മത്തങ്ങ വിത്തുകൾ, വാൽനട്ട്, സോയാബീൻ, റാപ്സീഡ്, കടുകെണ്ണ, പയർവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡിൻ്റെ നല്ല ഉറവിടങ്ങളാണ്.
വെർജിൻ കോക്കനട്ട് ഓയിലിൽ അടങ്ങിയ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) അൽഷിമേഴ്സ് രോഗം, അപസ്മാരം തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് കൈകാര്യം ചെയ്യാൻ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കരളിന് വേഗത്തിൽ ആഗിരണം ചെയ്യാനും കെറ്റോണുകളായി പരിവർത്തനപ്പെടാനും കഴിയുമെന്നതാണ് എംസിടിയുടെ പ്രത്യേകത.
മാനസികാവസ്ഥയെ സ്വാധീനിക്കുന്ന തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകൾ അമിനോ ആസിഡുകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ അമിനോ ആസിഡുകളിൽ ഭക്ഷണത്തിൽ നിന്ന് ലഭ്യമാകും. പാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിൽ നിന്നാണ് ഉറക്കത്തെ മെച്ചപ്പെടുത്തുന്ന സെറോടോണിൻ ഉൽപാദിപ്പിക്കുന്നത്.
ജങ്ക് ഫുഡിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ അവശ്യ ഫാറ്റി ആസിഡുകളുടെ ഫലപ്രദമായ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates