ഹൃദ്രോ​ഗം, കാൻസർ, പ്രമേഹം രോ​ഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ?, കീമോതെറാപ്പി ചെയ്യുന്നതിനിടയിൽ പ്രതിരോധ കുത്തിവയ്പ്പ് വേണോ? ഡോക്ടർമാർ പ്രതികരിക്കുന്നു 

ആർക്കൊക്കെ വാക്സിൻ എടുക്കാം എന്ന സംശയത്തോട് പ്രതികരിച്ചിരിക്കുകയാണ് ഡോക്ടർമാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊറോണ വൈറസ് ലോകത്തെയാകെ വരുതിയിലാക്കിയപ്പോൾ ആരോ​ഗ്യ വിദ​ഗ്ധരടക്കം ഏറ്റവും കൂടുതൽ ആശങ്ക പ്രകടിപ്പിച്ചത് മറ്റ് രോ​ഗാവസ്ഥകൾ ഉള്ള ആളുകളെ ഇത് എങ്ങനെ ബാധിക്കും എന്നതിലാണ്. അതുകൊണ്ടുതന്നെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോൾ രോഗാവസ്ഥയുള്ള ആളുകൾക്ക് മുൻഗണന നൽകണമെന്ന് അഭിപ്രായമുയർന്നു. മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോ​ഗങ്ങളുള്ള ആളുകൾക്കും തിങ്കളാഴ്ച മുതൽ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ പദ്ധതി.

ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ, രക്താതിമർദ്ദം എന്നിവയുള്ള ആളുകളെ ഹൈ റിസ്ക് വിഭാ​ഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വാക്സിൻ എടുക്കാമോ എന്ന കാര്യത്തിൽ പല രോ​ഗികളും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആർക്കൊക്കെ വാക്സിൻ എടുക്കാം എന്ന സംശയത്തോട് പ്രതികരിച്ചിരിക്കുകയാണ് ഡോക്ടർമാർ. 

ഭൂരിഭാ​ഗം കാൻസർ രോ​ഗികൾക്കും വാക്സിൻ എടുക്കുന്നതിൽ പ്രശ്നമില്ലെന്നാണ് ഓങ്കോളജി വിദ​ഗ്ധൻ ഡോ. കിരുഷ്ണകുമാർ പറയുന്നത്. രോഗം ഭേദമായ ക്യാൻസർ രോഗികൾക്ക് വാക്സിൻ എടുക്കാം. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും റേഡിയോ തെറാപ്പി നടന്നുകൊണ്ടിരിക്കുന്നവർക്കും വാക്സിൻ സ്വീകരിക്കാവുന്നതാണ്. അതേസമയം കീമോതെറാപ്പി ചെയ്യുന്ന രോ​ഗികൾ ഉടനെ വാക്സിൻ എടുക്കരുത്. കീമോതെറാപ്പി ചെയ്യുമ്പോൾ ശരീരത്തിലെ വെളുത്ത രക്താണുക്കൾ (ഡബ്ല്യുബിസി) കുറയുന്നതിനാൽ പ്രതിരോധശേഷി കുറയാൻ ഇടയാകും. ഇത്തരം സാഹചര്യത്തിൽ ആന്റിബോഡികൾ വികസിക്കുമോ എന്ന് ഉറപ്പില്ല. കീമോതെറാപ്പി കഴിഞ്ഞ് നാല് ആഴ്ചയ്ക്ക് ശേഷം ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വാക്സിൻ എടുക്കാവൂ എന്നും കിരുഷ്ണകുമാർ പറഞ്ഞു. 

റേഡിയോ തെറാപ്പിയിലും മെഡിക്കൽ ഓങ്കോളജിയിലും വാക്സിൻ എടുക്കുന്നതിന് ഒരു വിപരീത ഫലവുമില്ല. എന്നാൽ ശസ്ത്രക്രിയ നടത്തിയ ആളുകൾ ഉടൻ വാക്സിൻ എടുക്കേണ്ടതില്ലെന്നും അവർ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കണമെന്നും റേഡിയേഷൻ ഗൈനക്കോളജിസ്റ്റ് ഡോ. രത്‌ന ദേവി പറഞ്ഞു. ഹെമറ്റോളജിക്കൽ ബുദ്ധിമുട്ടുകൾ ഉള്ളവർ  മൂന്ന് മാസം കാത്തിരിക്കണം. ചികിത്സയിൽ ആയിരിക്കുന്നവർ ഡോക്ടറുമായി കൂടിയാലോചിച്ചതിന് ശേഷം വാക്സിൻ എടുക്കുന്നതാണ് നല്ലതെന്നും ഡോക്ടർ പറഞ്ഞു. കാൻസർ ബാധിച്ച എന്നാൽ ഇതുവരെ ചികിത്സ തുടങ്ങാത്തവർക്ക് വാക്സിൻ എടുക്കാമെന്ന് ദേശീയ സമഗ്ര കാൻസർ നെറ്റ്‌വർക്ക് (എൻ‌സി‌സി‌എൻ) മാർഗ്ഗനിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. 

ഹൃദയ രോ​ഗം ഉള്ള ആളുകളിൽ മിക്കവർക്കും വാക്സിൻ എടുക്കാൻ തടസ്സമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മുമ്പ് ഹൃദയാഘാതം സംഭവിച്ചവർക്ക് വാക്സിനേഷൻ നൽകേണ്ടതുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന കഴിക്കുന്നവർക്ക് വാക്സിൻ എടുക്കാം. ആന്റി പ്ലേറ്റ്‌ലെറ്റ് മരുന്നുകളും ആന്റി കോഗ്യുലന്റുകളും ഇതിൽ ഉൾപ്പെടുന്നു. അവർ കോവിഷീൽഡ് എടുക്കുന്നതാണ് നല്ലതെന്ന് കാർഡിയോളജിസ്റ്റ് ഡോ. സെന്തിൽകുമാർ നല്ലുസാമി പറഞ്ഞു. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചവർ ഉടൻ തന്നെ വാക്സിൻ എടുക്കരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം.

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയുള്ളവർക്കും വാക്സിൻ എടുക്കാം. എന്നാൽ, മോണോക്ലോണൽ ആന്റിബോഡികൾ ഉപയോ​ഗിക്കുന്ന രോ​ഗികൾ വാക്സിൻ ഒഴിവാക്കണം. പനിയോ അലർജിയോ ഉള്ളവർ വാക്സിൻ എടുക്കുന്നതിന് മുമ്പ് നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. അനിയന്ത്രിതമായ രക്തസമ്മർദ്ദമുള്ളവരും വാക്സിൻ ഒഴിവാക്കണമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com