

നിയന്ത്രണമില്ലാതെ ശരീരകോശങ്ങൾ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാൻസർ. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണിത്. ഇന്ത്യയിൽ കാൻസർ ബാധിതരുടെ കണക്ക് പരിശോധിച്ചാൽ 1.6 ശതമാനം മുതൽ 4.8 ശതമാനം വരെ 15 വയസിൽ താഴെ പ്രായമായ കുഞ്ഞുങ്ങളിലാണ് കാണപ്പെടുന്നത്. എന്നാൽ, പ്രാരംഭഘട്ടത്തിൽ തന്നെ കുട്ടികളിലെ കാൻസർ തിരിച്ചറിയാൻ സാധിച്ചാൽ നമുക്ക് അവരുടെ ജീവൻ രക്ഷിക്കാനാകും.
കുട്ടികള്‍ക്ക് എന്തു കൊണ്ട് കാന്‍സര്‍ ബാധിക്കുന്നു?
മുതിര്‍ന്നവരെ അപേക്ഷിച്ച്, ജീവിതശൈലിയോ ഭക്ഷണക്രമമോ കുട്ടികളില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടില്ല. കൂടാതെ കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ പത്ത് ശതമാനത്തിന് താഴെ മാത്രമാണ് പാരമ്പര്യമായി ലഭിക്കുന്ന ജനിതക മാറ്റങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ സ്തനാർബുദം അല്ലെങ്കിൽ സെർവിക്കൽ കാൻസർ പോലെ കുട്ടികളിലെ കാൻസറിനെ പരിശോധിക്കാൻ കഴിയില്ല.
ഭക്ഷണരീതിയോ ജങ്ക് ഫുഡുകളോ ഇതിന് കാരണമാകാമെന്ന് പലരും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാലും വീട്ടില്‍ ഉണ്ടാക്കുന്ന ഫ്രഷ് ആയ ഭക്ഷണം കഴിക്കുന്നതും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നതുമാണ് കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്കും പ്രതിരോധശേഷിക്കും ആരോഗ്യകരം.
കുട്ടികളിലെ കാന്‍സര്‍ മുതിര്‍ന്നവരിലെ കാന്‍സറിനെക്കാള്‍ വ്യത്യസ്തമാണ്. അവ പെരുമാറുന്ന രീതിയിലും ചികിത്സയോട് പ്രതികരിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളിലെ കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. എന്നാല്‍ ഇന്ത്യയിൽ, വൈകിയുള്ള രോഗനിർണയം, ചികിത്സ തടസപ്പെടുന്നത്, തെറ്റിദ്ധാരണകള്‍, സാമ്പത്തിക പരിമിതികൾ എന്നിവ കാരണം രോഗമുക്തി നിരക്കുകൾ കുറവാണ്. നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും ഉണ്ടെങ്കിൽ രോഗമുക്തി നിരക്കുകൾ 80 ശതമാനമാകും.
കുട്ടികൾക്ക് കീമോതെറാപ്പി താങ്ങാനാവുമോ?
കീമോതെറാപ്പിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ദുർബലരും കിടപ്പിലായവരുമായ മുതിർന്നവരെയുമാണ് ചിന്തയില്‍ തെളിയുക. എന്നാല്‍ കുട്ടികളുടെ ചെറുപ്പവും സ്വാഭാവിക രോഗശാന്തി ശേഷിയും കാരണം, കുട്ടികൾ മുതിർന്നവരെക്കാൾ നന്നായി കീമോതെറാപ്പിയോട് പൊരുത്തപ്പെടുന്നു. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡോസുകൾ കണക്കാക്കുന്നത്. മാത്രമല്ല, മുതിർന്നവർ കാൻസറുമായി ബന്ധപ്പെടുത്തുന്ന ഭയവും ഉത്കണ്ഠയും കുട്ടികളിൽ കുറവായിരിക്കും. ഇത് അവരുടെ മനസികാരോഗ്യത്തെയും പ്രതിരോധശേഷിയെയും സഹായിക്കും.
ട്യൂമർ ആദ്യമായി തുടങ്ങിയത് എപ്പോഴാണ്?
ട്യൂമർ എപ്പോൾ വളരുന്നു എന്ന് കൃത്യമായി പറയാൻ മാർഗമില്ല. പല കാൻസറുകൾക്കും, ആദ്യത്തെ അസാധാരണ കോശ മാറ്റത്തിനും ദൃശ്യമായ ലക്ഷണങ്ങൾക്കും ഇടയിലുള്ള ഇടവേള സാധാരണയായി രണ്ടോ മൂന്നോ മാസമാണ്. ചിലപ്പോൾ വേഗത്തിൽ വളരുന്ന കാൻസറുകൾക്ക് ഈ ദൈര്‍ഘ്യം കുറവായിരിക്കും.
ചില ലക്ഷണങ്ങള്‍ തള്ളിക്കളയരുത്
വിട്ടുമാറാത്ത പനി.
സ്ഥിരമായ മുഴകൾ അല്ലെങ്കിൽ വീക്കങ്ങൾ.
വീക്കം കൂടാതെ അസ്ഥി വേദന അല്ലെങ്കിൽ സന്ധി വേദന.
നേരിയ ചതവ് അല്ലെങ്കിൽ രക്തസ്രാവം, ക്ഷീണം.
രാവിലെയുള്ള കഠിനമായതോ ആവർത്തിച്ചുള്ളതോ ആയ തലവേദന.
ശരീരഭാരം കുറയുന്നത്, രാത്രിയില്‍ വിയർക്കുക.
കാൻസർ അതിജീവനവും അതിനു ശേഷമുള്ള ജീവിതവും
കുട്ടിക്കാലത്തെ അർബുദത്തെ അതിജീവിച്ചവരിൽ ഭൂരിഭാഗവും സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ഇന്നത്തെ ചികിത്സകൾ കാൻസർ ഭേദമാക്കുക മാത്രമല്ല, ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്നതാണ്. കാൻസർ ചികിത്സ ചിലപ്പോൾ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അംഗീകരിക്കേണ്ടത് പ്രധാനമാണ്. സ്വീകരിക്കുന്ന തെറാപ്പിയുടെ തരം അനുസരിച്ച്, അതിജീവിച്ചവർക്ക് വളർച്ച, ഹോർമോൺ ബാലൻസ്, ഹൃദയാരോഗ്യം, പഠനം, പ്രത്യുൽപാദനക്ഷമത, അല്ലെങ്കിൽ പിന്നീട് ജീവിതത്തിൽ മറ്റൊരു കാൻസർ വരാനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പതിവ് പരിശോധനകൾ പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates