കോവിഡ് വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയ കാലം തൊട്ടേയുണ്ട്, ഇതു ഹൃദയാഘാതത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്ന പ്രചാരണം. വാക്‌സിനെടുത്തവര്‍ കുഴഞ്ഞു വീണു മരിക്കുന്നു എന്ന പ്രചാരണം ശക്തമായപ്പോള്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ തന്നെ മുന്‍കൈയെടുത്ത് ഇക്കാര്യത്തില്‍ പഠനം നടത്തി. കോവിഡിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹൃദയാഘാത മരണങ്ങള്‍ക്കു വാക്‌സിനുമായി ബന്ധമൊന്നുമില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ ഇടയ്ക്കിടെ ഇങ്ങനെയൊരു പ്രചാരണം പൊന്തിവരും. വാക്‌സിനെടുത്തവര്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടോ എന്നറിയുന്നതിനുള്ള ഡി ഡൈമര്‍ ടെസ്റ്റ് നടത്തണമെന്ന പ്രചാരണത്തിനു സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മറുപടി നല്‍കുകയാണ് ഡോ. മനോജ് വെള്ളനാട്. കുറിപ്പു വായിക്കാം:
കോവിഡ് വാക്സിനെടുത്തവർ D-Dimer ടെസ്റ്റ് നടത്തണമെന്ന ഒരു പോസ്റ്ററിൻ്റെ ചിത്രം അയച്ചു തന്നിട്ട് പലരും അതിൻ്റെ സത്യാവസ്ഥ ചോദിക്കുന്നുണ്ട്. ആ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലും മറ്റു ചില വാർത്താ മാധ്യമങ്ങളിലും 2021-മുതൽ പ്രചരിക്കുന്ന ഒരു വിഷയമാണ്. ഇന്നിപ്പോൾ പെട്ടെന്ന് ആരോ ഇത് ഏതോ കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തെന്ന് തോന്നുന്നു. എന്തായാലും നാട്ടിലെ കേശവൻ മാമന്മാർ നന്നായി പണി എടുക്കുന്നുണ്ട്.
D-Dimer ടെസ്റ്റ് ഒരു രക്തപരിശോധനയാണ്. ഇത് രക്തത്തിൽ രക്തം കട്ടപിടിക്കുന്നതിന്റെ സൂചനകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഒന്നാണ്. രക്തം കട്ടപിടിക്കുമ്പോൾ, ഫൈബ്രിൻ എന്ന പ്രോട്ടീൻ രൂപപ്പെടുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യും. ഈ വിഘടന പ്രക്രിയയിൽ D-Dimer എന്ന ഒരു ഉപോൽപ്പന്നം ഉണ്ടായി രക്തത്തിൽ കലരും. D-Dimer-ന്റെ അളവ് ഉയർന്നതാണെങ്കിൽ, അത് ശരീരത്തിൽ അസാധാരണമായി രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉണ്ടെന്ന് ‘വേണമെങ്കിൽ’ പറയാം. കാരണം, D-Dimer ടെസ്റ്റ് 100% ഉറപ്പുള്ള ഒന്നല്ല. മറ്റു പല കാരണങ്ങളാലും, ഉദാ : അണുബാധ, ഗർഭം, ശസ്ത്രക്രിയ, പരിക്കുകൾ- അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഇത് കൂടാം.
കോവിഡ് വാക്സിനുകൾ, പ്രത്യേകിച്ച് ആസ്ട്രസെനെക്ക (AstraZeneca) / കോവിഷീൽഡ് (Covishield) പോലുള്ള അഡിനോവൈറസ് അധിഷ്ഠിത വാക്സിനുകൾ, വളരെ അപൂർവമായി Thrombosis with Thrombocytopenia Syndrome (TTS) എന്ന അവസ്ഥ ഉണ്ടാക്കാം. TTS-ന്റെ ലക്ഷണങ്ങളിൽ രക്തം കട്ടപിടിക്കലും പ്ലേറ്റ്‌ലെറ്റിന്റെ കുറവും ഉൾപ്പെടുന്നു. ഇത്തരം കേസുകളിൽ D-Dimer-ന്റെ അളവ് ഉയർന്നേക്കാം, ഇത് TTS-ന്റെ രോഗനിർണയത്തിന് സഹായകമാകും.
എന്നാൽ, ഇത് വളരെ വളരെ അപൂർവമാണ്. എന്നുവച്ചാൽ ലക്ഷക്കണക്കിന് പേർക്ക് വാക്സിൻ കൊടുക്കുമ്പോൾ ഒന്നോ രണ്ടോ കേസുകളിൽ മാത്രം കാണപ്പെടുന്നത്.
ഇക്കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ പറയാം.
1. ആസ്ട്രസെനെക്ക / കോവിഷീൽഡ് വാക്സിനുകൾ TTS-ന് വളരെ അപൂർവമായി കാരണമാകാമെന്ന് 2021-ൽ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് പ്രധാനമായും 60 വയസ്സിന് താഴെയുള്ളവരിലും, വാക്സിനേഷന്റെ ആദ്യ 2-3 ആഴ്ചകളിലുമാണ് കാണപ്പെട്ടത്. mRNA വാക്സിനുകളായ ഫൈസർ (Pfizer), മോഡേർണ (Moderna) എന്നിവയ്ക്ക് ഇത്തരം അപകടസാധ്യത വളരെ കുറവാണ്.
2. D-Dimer ടെസ്റ്റ് സാധാരണയായി രോഗലക്ഷണങ്ങൾ (Eg: severe headache, abdominal pain, leg swelling, neurological issues) ഉള്ളവർക്കാണ് ശുപാർശ ചെയ്യുന്നത്. വാക്സിനെടുത്ത എല്ലാവർക്കും നിർബന്ധമായി നടത്തേണ്ട ഒന്നല്ല. TTS-ന്റെ സാധ്യത വളരെ കുറവായതിനാൽ, ലക്ഷണങ്ങളില്ലാതെ എല്ലാവരും ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല.
3. ‘കോവിഡ് രോഗം’ vs ‘കോവിഡ് വാക്സിൻ’: ഇതിലാരാണ് വില്ലൻ? കോവിഡ്-19 രോഗത്തിന് രക്തം കട്ടപിടിക്കൽ, D-Dimer-ന്റെ ഉയർന്ന അളവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വാക്സിനുകളെക്കാൾ വളരെ കൂടുതൽ സാധ്യതയുണ്ട്. വാക്സിനുകൾ ഈ അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. മനസിലാക്കേണ്ടത്, 1000 പേർക്ക് കോവിഡ് രോഗം വരുമ്പോൾ അതിൽ 100 മുതൽ 300 പേർക്ക് വരെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നുവച്ചാൽ 10 മുതൽ 30% വരെ. സംശയമുള്ളവർക്ക് ഗൂഗിൾ ചെയ്താൽ ഇഷ്ടം പോലെ പഠനറിപ്പോർട്ടുകൾ. ഇനി വാക്സിനുകളുടെ കാര്യം പറയാം,
a) ആസ്ട്രസെനെക്ക / കോവിഷീൽഡ്: • യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA, 2021): 2021 ഏപ്രിൽ വരെ, 2.5 മില്യൺ ആളുകൾക്ക് ആസ്ട്രസെനെക്ക വാക്സിൻ നൽകിയപ്പോൾ 86 TTS കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നുവച്ചാൽ ഒരു ലക്ഷം പേരിൽ ഏകദേശം 3.4 കേസുകൾ (0.00034%)
• ഓസ്‌ട്രേലിയ (2021): Therapeutic Goods Administration (TGA) റിപ്പോർട്ട് ചെയ്തത്, 6.1 മില്യൺ ഡോസുകൾക്ക് 48 TTS കേസുകൾ, അതായത് 1 ലക്ഷം ഡോസുകൾക്ക് 7.9 കേസുകൾ
• യു.കെ. (MHRA, 2021): 20 മില്യൺ ഡോസുകൾക്ക് 79 കേസുകൾ, ഏകദേശം 4 കേസുകൾ per 1 ലക്ഷം പേർ ശരാശരി.
b) ജോൺസൺ & ജോൺസൺ (Janssen): • CDC (2021): യു.എസിൽ 8 മില്യൺ ഡോസുകൾക്ക് 6 TTS കേസുകൾ, അതായത് 0.75 കേസുകൾ per 1 ലക്ഷം.
• EMA: Janssen-ന് TTS സാധ്യത ആസ്ട്രസെനെക്കയേക്കാൾ കുറവാണ്, ഏകദേശം 1-2 കേസുകൾ per 1 ലക്ഷം.
c) mRNA വാക്സിനുകൾ (ഫൈസർ, മോഡേർണ): • mRNA വാക്സിനുകൾക്ക് TTS- മായി ബന്ധമൊന്നുമില്ല. എന്നാൽ, വളരെ അപൂർവമായി myocarditis (ഹൃദയ പേശികളുടെ വീക്കം) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
• VTE (venous thromboembolism): mRNA വാക്സിനുകളിൽ VTE-ന്റെ അപകടസാധ്യത general population-ന്റെ baseline rate-ന് (0.1-0.2% per year) തുല്യമാണ്. 1 ലക്ഷം പേർക്ക് 1-2 കേസുകൾ മാത്രം, അതും വാക്സിനുമായി നേരിട്ട് ബന്ധപ്പെട്ടതല്ല.
‘വാക്സിനെടുത്തവർ ഹൃദയാഘാതം വന്ന് മരിക്കുന്നു’, ‘കുഴഞ്ഞു വീണ് മരിക്കുന്നു’ എന്നൊക്കെയുള്ള വാർത്തകൾക്ക് യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ല. കേരളത്തിൽ മാത്രമല്ല ലോകം മൊത്തം കോടിക്കണക്കിന് മനുഷ്യർ ഈ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം വാക്സിനെടുത്തവരേക്കാൾ ആ സാധ്യത 100 മടങ്ങ് കൂടുതലാണ് രോഗം വന്നവർക്ക്. ചില അപൂർവ കേസുകളിൽ മയോകാർഡിറ്റിസ് (myocarditis) mRNA വാക്സിനുകളുമായി ബന്ധപ്പെട്ട് വന്നിരുന്നു, പക്ഷേ ഇതും വളരെ അപൂർവവും സാധാരണയായി ചികിത്സയോടെ ഭേദമാകുന്നതുമാണ്.
ഫൈനലി ഇത്രയുമാണ് പറയാനുള്ളത് : D- dimer test കുറച്ച് ചെലവേറിയ ഒന്നാണ്. അതുകൊണ്ട് ആ പോസ്റ്റർ ഏതോ ലാബുകാരൻ അടിച്ചിറക്കിയ ഒന്നാകാനേ തരമുള്ളൂ. ഈ പോസ്റ്റ് സൂക്ഷിച്ച് വച്ചിരുന്നാൽ ഇടയ്ക്കിടെ ഉപയോഗിക്കാം. കാരണം ആ പോസ്റ്റർ കൃത്യമായ ഇടവേള കഴിയുമ്പോൾ വീണ്ടും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഓടാൻ തുടങ്ങും. സംശയമുള്ള വളരെ കുറച്ച് ആൾക്കാർ മാത്രം വീണ്ടും സത്യാവസ്ഥ അന്വേഷിച്ച് നടക്കാൻ തുടങ്ങും.
ഇനി ഇത്രയൊക്കെ വിശദമാക്കിയാലും ഇതൊക്കെ നിങ്ങൾ മെഡിക്കൽ മാഫിയയുടെ കളിയല്ലേ എന്ന് ചിന്തിക്കുന്നവരും വാദിക്കുന്നവരും ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും പോയി ആ ടെസ്റ്റ് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates