ആരോ​ഗ്യത്തെ പശ്ചാത്തല കഥാപാത്രമായി കാണരുത്, തലകറക്കം ക്ഷീണം കൊണ്ടാണെന്ന് തെറ്റിദ്ധരിച്ചു, ആരോ​ഗ്യാവസ്ഥയെ കുറിച്ച് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

ശരീരം നൽകുന്ന മുന്നറിയിപ്പുകളെ അവ​ഗണിക്കരുതെന്നും അദ്ദേഹം പറയുന്നു.
Anil Radhakrishnan Menon
Anil Radhakrishnan MenonInstagram
Updated on
2 min read

പ്രതീക്ഷിതമായി നേരിടേണ്ടി വന്ന ആരോ​ഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. അടുത്തിടെ തനിക്ക് നേരിയ രീതിയിലുള്ള ഒരു സ്‌ട്രോക്ക് ഉണ്ടായെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും അനിൽ രാധാകൃഷ്ണൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. ശരീരം നൽകുന്ന മുന്നറിയിപ്പുകളെ അവ​ഗണിക്കരുതെന്നും അദ്ദേഹം പറയുന്നു.

'വളരെ വ്യക്തിപരമായ ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കണമെന്ന് ഞാന്‍ കുറെ കാലമായി ആഗ്രഹിക്കുന്നു. ഇതെല്ലാം ഉള്ളിലൊതുക്കി വെക്കുന്നത് ചിലപ്പോള്‍ മറ്റൊരു ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചേക്കാം, അതിനാല്‍ ഞാന്‍ അത് തുറന്നുപറയുകയാണ്. അടുത്തിടെ എനിക്ക് നേരിയ രീതിയിലുള്ള ഒരു സ്‌ട്രോക്ക് സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അത് എന്നെ ബാധിച്ചത്. എങ്കിലും സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും നടുവില്‍ ഞാന്‍ നന്നായി സുഖം പ്രാപിച്ചു വരുന്നു.

ഒരുപക്ഷേ, എന്നെ സ്‌നേഹിക്കുന്ന എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമായിരിക്കും ഈ സംഭവം കൂടുതല്‍ ബാധിച്ചിട്ടുണ്ടാവുക. എന്നാല്‍, ആരോഗ്യത്തെ നമ്മള്‍ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന ഒരു ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവം. ശരീരം ഒരു കടുത്ത മുന്നറിയിപ്പ് നല്‍കാന്‍ തീരുമാനിക്കുന്നത് വരെ നമ്മള്‍ നമ്മുടെ ശരീരത്ത പരിധിവിട്ട് ബുദ്ധിമുട്ടിക്കുന്നു, മാനസിക സമ്മര്‍ദ്ദത്തെ അവഗണിക്കുന്നു, വിശ്രമം മാറ്റിവെക്കുന്നു, എന്നിട്ട് നമ്മള്‍ 'സുഖമായിരിക്കുന്നു' എന്ന് സ്വയം വിശ്വസിപ്പിക്കുന്നു', അദ്ദേഹം കുറിച്ചു.

'നമ്മളില്‍ പലരും ശരീരം തരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയും. തലകറക്കം, മരവിപ്പ്, തലവേദന എന്നിവയെയൊന്നും കാര്യമാക്കുന്നില്ല. നമ്മള്‍ അതിന് ക്ഷീണം, കാലാവസ്ഥ, അമിത ജോലി എന്നിങ്ങനെ എന്തെങ്കിലും കാരണം കണ്ടെത്തും. പക്ഷേ യഥാര്‍ഥ കാരണം തേടിപ്പോകില്ല. ഞാനും അങ്ങനെ ചെയ്തു. ശരീരം ഈ സിഗ്‌നലുകള്‍ തമാശയ്ക്ക് വേണ്ടി അയക്കുന്നതല്ലെന്ന് ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്', സംവിധായകന്‍ പറയുന്നു.

'സ്‌നേഹത്തോടെയും ആത്മാര്‍ഥതയോടെയും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നത് ഇതാണ്, ദയവായി നിങ്ങളുടെ ശരീരത്ത ശ്രദ്ധിക്കുക. പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണുക. നിങ്ങളുടെ ജീവിത കഥയിലെ ഒരു പശ്ചാത്തല കഥാപാത്രത്തെപ്പോലെ ആരോഗ്യത്തെ കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യമാണ് പ്രധാനകഥാപാത്രം; മറ്റെല്ലാം അതിനെ പിന്തുടരുന്നതാണ്. വിശ്രമം എന്നത് മടിയല്ല അത് ശരീരത്തിന്റെ പരിപാലനമാണ്. വെള്ളം കുടിക്കുക.

Anil Radhakrishnan Menon
ഇർഫാൻ ഖാനെ ബാധിച്ച ന്യൂറോ എൻഡോക്രൈൻ ട്യൂമർ; അപൂർവ കാൻസർ, ലക്ഷണങ്ങൾ

ആവശ്യത്തിന് ഉറങ്ങുക. മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി സംസാരിക്കുക. അടുപ്പമുള്ള ആളുകളോടൊപ്പം സമയം ചെലവഴിക്കുക. ജീവിതം ഉറക്കെ ഓര്‍മിപ്പിക്കുന്നത് വരെ കാത്തിരിക്കരുത്. എനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദിയുള്ളവനാണ്. കൂടുതല്‍ ബാലന്‍സോടുകൂടി, സൗമ്യതയോടെ മുന്നോട്ട് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. ജീവിതം അമൂല്യമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anil Radhakrishnan Menon
കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുൻപ് മാതാപിതാക്കൾ ഇക്കാര്യങ്ങൾ കൂടി അറിയണം

ഫഹദ് നായകനായ 'നോര്‍ത്ത് 24 കാതം' ആണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. പൃഥ്വിരാജിന്റെ 'സപ്തമശ്രീ തസ്‌കരഃ', കുഞ്ചാക്കോ ബോബന്‍ നായകനായ 'ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി', 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

Summary

Director Anil Radhakrishnan Menon opens about Health status

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com