എന്താണ് അനന്ത് അംബാനിയുടെ ആരോഗ്യാവസ്ഥ; അമിത വണ്ണത്തിന് കാരണം സ്റ്റിറോയ്‌ഡോ? അറിയാം ചില കാര്യങ്ങള്‍

സ്റ്റിറോയ്ഡ് ഉപയോഗം മൂലം ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് പ്രവര്‍ത്തനം? സ്റ്റിറോയ്ഡ് മൂലം എങ്ങനെ വണ്ണം വെക്കുന്നു... അറിയാം സ്റ്റിറോയ്ഡിനെക്കുറിച്ച്....
steroid
അനന്ത് അംബാനിയും രാധിക മെര്‍ച്ചന്‍റും, അനന്ത് അംബാനിഫെയ്സ്ബുക്ക്, എക്സ്

എവിടെ നോക്കിയാലും മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹ വാര്‍ത്തകളാണ്. വാര്‍ത്തകള്‍ക്കൊപ്പം ചര്‍ച്ചയാവുകയാണ് അനന്ത് അംബാനിയുടെ അമിത വണ്ണവും ആരോഗ്യ പ്രശ്‌നങ്ങളും. പ്രീ വെഡ്ഡിങ് ചടങ്ങുകളില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതിനെക്കുറിച്ച് വികാര നിര്‍ഭരമായാണ് അനന്ത് അംബാനി സംസാരിച്ചത്. ആസ്മ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി അമിതമായ സ്റ്റിറോയ്ഡ് ഉപയോഗമാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് നിത അംബാനി പറഞ്ഞത്. സ്റ്റിറോയ്ഡ് ഉപയോഗം മൂലം ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് പ്രവര്‍ത്തനം? സ്റ്റിറോയ്ഡ് മൂലം എങ്ങനെ വണ്ണം വെക്കുന്നു... അറിയാം സ്റ്റിറോയ്ഡിനെക്കുറിച്ച്....

1. സ്റ്റിറോയ്ഡുകളുടെ പ്രവര്‍ത്തനം എങ്ങനെ?

steroid

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ തകരാര്‍ മൂലമാണ് നീര്‍ക്കെട്ടും വീക്കവും ഉണ്ടാകുന്നത്. ചില സമയങ്ങളില്‍ പ്രതിരോധ സംവിധാനം ആരോഗ്യകരമായ കോശങ്ങളെ ആക്രമിക്കും. ശരീരത്തിലെ കലകളില്‍ ക്ഷതവും വീക്കവുമുണ്ടാക്കും. ഈ അവസ്ഥയെ പ്രതിരോധിച്ച് വീക്കം കുറക്കുകയാണ് സ്റ്റിറോയ്ഡുകളുടെ ധര്‍മം. വൈറസുകള്‍, ബാക്ടീരിയ തുടങ്ങിയവയുണ്ടാക്കുന്ന അണുബാധയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതാണ് പ്രതിരോധ സംവിധാനം ചെയ്യുന്നത്.

2. സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത്...

steroid

ആര്‍ത്രൈറ്റിസ്, ലൂപസ്, ക്രോണ്‍സ് ഡിസീസ്, ആസ്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കാണ് പ്രധാനമായും സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത്. കോര്‍ട്ടിക്കോ സ്റ്റിറോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഈ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം പല പാര്‍ശ്വ ഫലങ്ങള്‍ക്കും കാരണമാകും.

3. പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?

steroid

നെഞ്ചെരിച്ചില്‍, മാനസികാവസ്ഥിയിലുള്ള മാറ്റങ്ങള്‍, അമിതമായ വിശപ്പ്, അണുബാധയുണ്ടാകാനുള്ള സാധ്യത, എല്ലുകളുടെ മോശം ആരോഗ്യം, പ്രമേഹം, അമിത വണ്ണം, മുടി കൊഴിച്ചില്‍, ഗ്ലൂക്കോമ, തിമിരം, സ്ലീപ് അപ്നിയ തുടങ്ങിയവക്ക് കാരണമാകും. പ്രതിരോധ സംവിധാനത്തെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലെത്തിക്കുന്നത് വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും. എല്ലുകളിലെ കോശങ്ങള്‍ നശിക്കുന്ന അവാസ്‌കുലാര്‍ നെക്രോസിസ് എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.

4. സ്റ്റിറോയ്ഡ് എങ്ങനെയാണ് വണ്ണം വെക്കാന്‍ കാരണമാകുന്നത്?

steroid

സ്റ്റിറോയ്ഡുകളുടെ പ്രധാന പാര്‍ശ്വഫലങ്ങളിലൊന്നാണ് വണ്ണംവെയ്ക്കല്‍. സ്റ്റിറോയ്ഡുകള്‍ ശരീരത്തിലെ ഇലക്ട്രോലൈറ്റിനെയും വാട്ടര്‍ ബാലന്‍സിലേയും ചയാപചയ പ്രവര്‍ത്തനങ്ങളെയും തകിടം മറിക്കും. ഇതുമൂലം വിശപ്പ് വര്‍ധിക്കുക, വെള്ളം കെട്ടിക്കിടക്കുക, ശരീരത്തില്‍ കൊഴുപ്പടിയുന്നതില്‍ മാറ്റങ്ങളുണ്ടാവുക എന്നിവയാണ് വണ്ണം വെക്കാനുള്ള കാരണം.

5. എങ്ങനെ പ്രതിരോധിക്കാം?

steroid

സ്റ്റിറോയ്ഡ് സ്ഥിരമായി കഴിക്കുന്നവരുടെ അടിവയര്‍, മുഖം, കഴുത്ത്, തുടങ്ങിയ ഭാഗങ്ങളിലാണ് കൊഴുപ്പടിയുക. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ശീലമാക്കിയും ഇതിനെ പ്രതിരോധിക്കാനാവും. ആസ്മക്ക് ഇന്‍ഹേല്‍ ചെയ്യുന്ന സ്റ്റിറോയ്ഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവ ശ്വാസകോശത്തില്‍ നേരിട്ടെത്തുന്നു. ഇത് ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്റ്റിറോയ്ഡ് എത്താനുള്ള സാധ്യത കുറയ്ക്കുകയും പാര്‍ശ്വ ഫലങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com