

പുരുഷന്മാരേക്കാൾ കൂടുതൽ സംസാരിക്കുന്നത് സ്ത്രീകളാണോ? ആണെന്ന പൊതുധാരണ 2007 ൽ അരിസോണ സർവകലാശാല നടത്തിയ പഠനം തിരുത്തിയെഴുതിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് ഓരേ അളവിലാണ് വാക്കുകൾ ഉപയോഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സമീപകാലത്ത് ജേണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ അരിസോണ സർവകലാശാല ഗവേഷകർ ചെറിയൊരു വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കുന്നു.
പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ സംസാരിക്കാറുണ്ട്, എന്നാൽ അത് പ്രത്യേക പ്രായ പരിധിയിലെത്തുമ്പോഴാണ്. അതായത് 25നും 65നും ഇടയിൽ പ്രായമായ സ്ത്രീകൾ പുരുഷന്മാരെക്കാൾ ഒരു ദിവസം 3000 വാക്കുകൾ വരെ കൂടുതൽ സംസാരിക്കുന്നതാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അതിന്റെ പ്രധാന കാരണം. ഈ പ്രായ പരിധിയിൽ സ്ത്രീകൾ കുട്ടികളെ പരിപാലിക്കുന്ന വർഷങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഗവേഷകർ പറയുന്നു.
ഇപ്പോഴും വീടുകളിൽ ഭൂരിഭാഗം രക്ഷാകർതൃ ജോലികളും ഏറ്റെടുക്കുന്നത് സ്ത്രീകളാണ്. കുട്ടികളെ വളർത്തുന്നതിലും കുടുംബ പരിചരണത്തിലുമുള്ള ലിംഗപരമായ വ്യത്യാസമാണ് ഈയൊരു വ്യത്യാസത്തിന് കാരണമാകുന്നതെന്ന് ഗവേഷകർ പറയുന്നു. നാല് രാജ്യങ്ങളിൽ നടത്തിയ 22 പഠനങ്ങളിൽ നിന്നുള്ള 630,000 റെക്കോർഡുകൾ ഗവേഷകർ വിശകലനം ചെയ്തു. ഈയൊരു വ്യത്യാസത്തിന് പിന്നിൽ ഹോർമോണുകൾ പോലുള്ള ജൈവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്താനായില്ല, സാമൂഹിക തലമുറയിലെ മാറ്റങ്ങളും ഘടകമായിട്ടില്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
സംസാരം കുറയുന്നു
സംസാരത്തിലുള്ള ലിംഗവ്യാത്യാസങ്ങളെ കുറിച്ച് പഠനം പുതിയ കണ്ടെത്തലുകൾ നടത്തുമ്പോഴും, വ്യക്തിഗത പെരുമാറ്റങ്ങളുടെ വൈവിധ്യത്തെയും പഠനം എടുത്തുകാണിക്കുന്നു. വെറും 100 വാക്കുകൾ മാത്രം ഒരു ദിവസം സംസാരിക്കുന്ന പുരുഷന്മാരുണ്ട് അതുപോലെ 120,000 വാക്കുകൾ ഉപയോഗിക്കുന്ന വാചാലരായ പുരുഷന്മാരുമുണ്ടെന്നും ഗവേഷകർ പറയുന്നു.
കൂടാതെ ആളുകൾ സംസാരിക്കുന്ന വാക്കുകളുടെ എണ്ണത്തിൽ വർഷങ്ങളായി കുറവുണ്ടാകുന്നുണ്ടെന്നും പഠനം പറയുന്നു. 2005നും 2018നും ഇടയിൽ ദൈംദിനം സംസാരിക്കുന്ന വാക്കുകളുടെ എണ്ണം ശരാശരി 16,000 നിന്ന് 13,000 വാക്കുകളായി കുറഞ്ഞു. ഇത് ഡിജിറ്റൽ ആശയവിനിമയത്തിന്റെ വളർച്ചയെ തുടർന്നാണെന്നും ഗവേഷകർ പറയുന്നു.
മിക്കയാളും ഇപ്പോൾ ഡിജിറ്റൽ ചാറ്റിങ്ങിലൂടെ ആശയവിനിമയം നടത്തുന്നത്. ഇത് ആളുകൾ തമ്മിലുള്ള സംസാരം കുറയ്ക്കുകയും അത് അടുപ്പത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും പഠനം പറയുന്നു. ആളുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉറക്കത്തിന്റെ ഫിറ്റ്നസിന്റെയും കണക്ക് പരിശോധിക്കാറുണ്ട് എന്നാൽ സാമൂഹികമായി ഇടപഴകണമെന്ന പ്രധാന ഘടകം പലപ്പോഴും നമ്മൾ വിട്ടുപോകാറുണ്ടെന്നും ഗവേഷകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates