

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് നിശബ്ദ നിർജ്ജലീകരണം. ശരീരം സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം നഷ്ടപ്പെടുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും നിര്‍ജ്ജലീകരണത്തിന് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങളെ കുറിച്ച് പലരും ബോധവാന്മാരല്ല. മാത്രമല്ല തങ്ങള്‍ നിര്‍ജ്ജലീകരണം നേരിടുന്നുവെന്ന് പോലും തിരിച്ചറിയാറില്ല.
അമിതമായ വിയർപ്പ്, വയറിളക്കം, ഛർദ്ദി, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങൾ കാരണം ഇത് സംഭവിക്കാം. ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുമ്പോൾ, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. ഈ ഇലക്ട്രോലൈറ്റുകൾ കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് പ്രധാനമാണ്. ഇതിന്‍റെ അഭാവം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
നീര്‍ജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങള്‍ വളരെ സൂഷ്മമായതുകൊണ്ട് തന്നെ ഇവ തിരിച്ചറിയുക പ്രയാസമാണ്. ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ് നിർജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ. ചില കഠിനമായ കേസുകളില്‍ നിർജ്ജലീകരണം തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്‌ക്ക് കാരണമാകും. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ ഇത് ആരെയും ബാധിക്കാം എന്നതാണ് നിശബ്‌ദ നിർജ്ജലീകരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
രോഗാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കണം
പനി, ജലദോഷം ഉള്ളപ്പോള്‍ ഓരോ 15 മിനിറ്റിലും ഇലക്ട്രോലൈറ്റുകളും കലോറിയും അടങ്ങിയ ദ്രാവകങ്ങള്‍ (ഒആര്‍എസ് പോലുള്ളവ) കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.
വെള്ളം മാത്രം കുടിക്കുന്നതിന് പകരം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയ ദ്രാവകം കുടിക്കുന്നത് പേശി വേദനയും മലബന്ധവും കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates