'സമീകൃതം അല്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തിൽ പൊറോട്ടയും അൽഫാമും മാത്രമല്ല കേരള സദ്യയും പെടും', പഴയിടത്തെ വിമര്‍ശിച്ച് ഡോക്ടറുടെ കുറിപ്പ്

കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പരാമര്‍ശം.
Pazhayidom Mohanan Namboothiri, Dr. Anish Thekkumkara
Pazhayidom Mohanan Namboothiri, Dr. Anish Thekkumkara Facebook, Express Photos
Updated on
2 min read

നുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യം സസ്യാഹാരമാണെന്നും ആളുകള്‍ മാംസാഹാരികളായി മാറിയെന്നുമുള്ള പഴയിടം മോഹനന്‍ നമ്പൂരിയുടെ വാദത്തെ വിമർശിച്ച് ഡോ. അനീഷ് തെക്കുംകര. നമ്മുടെ ഇപ്പോഴത്തെ ഭക്ഷണ സംസ്കാരത്തിന് പറയാന്‍ അധികം ചരിത്രമില്ലെന്ന് ഡോ. അനീഷ് തെക്കുംകര ഫേയ്സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറയുന്നു.

അരി കഞ്ഞിയായിട്ടാണെങ്കിലും വർഷം മുഴുവന്‍ ലഭ്യമായിരുന്നത് ജന്മികൾക്കു മാത്രമായിരുന്നു. കിഴങ്ങുകളും നിലത്തുവീണ ചക്ക പോലെയുള്ള പഴങ്ങളും നാളികേരവും വേട്ടയാടി പിടിക്കുന്ന പക്ഷിമൃഗാദികളും പട്ടിണിയും അടങ്ങിയതായിരുന്നു മലയാളിയുടെ ആഹാര ശീലമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പരാമര്‍ശം.

ഡോ. അനീഷ് തെക്കുംകരയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

തനത് ഭക്ഷണം...

കേരളത്തിൻറെ തനത് ഭക്ഷണം എന്ന് നാം പറഞ്ഞുകൊണ്ടിരിക്കുന്ന കേരള സദ്യക്ക് അത്ര വലിയ ചരിത്രമൊന്നും അവകാശപ്പെടാനില്ല. അരി കഞ്ഞിയായിട്ടെങ്കിലും വർഷം പൂർണ്ണമായും ലഭ്യമായിരുന്നത് ജന്മികൾക്കു മാത്രമായിരുന്നു. കിഴങ്ങുകളും നിലത്തുവീണു കിടക്കുന്ന ചക്ക പോലെയുള്ള പഴങ്ങളും വീണു കിട്ടുന്ന നാളികേരവും വേട്ടയാടി പിടിക്കുന്ന പക്ഷിമൃഗാദികളും മിക്കപ്പോഴും പട്ടിണിയും ഒക്കെയായിരുന്നു മലയാളിയുടെ ആഹാര ശീലം. കിഴങ്ങുകളിൽ മരച്ചീനി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നതേയുള്ളൂ.

കടൽ മത്സ്യം ആണെങ്കിൽ കേരള ജനത വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് സ്വാതന്ത്ര്യത്തിനു ശേഷമാണ്. അതായത് കപ്പയും മീൻകറിയും പോലും നമ്മുടെ ചരിത്രപരമായ ഒസ്യത്തൊന്നുമല്ല. കേരള സദ്യയുടെ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമായ സാമ്പാർ പോലും മഹാരാഷ്ട്രയിൽ ഉൽഭവിച്ച് മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങൾ വഴി കടന്നുവന്ന് നമ്മുടെ ആഹാരത്തിൽ ഇടം പിടിച്ചതാണ്. ഓണസദ്യയിൽ പോലും പണ്ട് സാമ്പാർ ആയിരുന്നില്ല, എരിശ്ശേരി ആയിരുന്നു ഉപയോഗിച്ചിരുന്നത്. പണിയാളരുടെ വിയർപൂറ്റിയെടുത്ത അരിയിൽ, അവരെക്കൊണ്ട് ചൂടും പുകയും കൊള്ളിച്ച ഉണ്ടാക്കിയ അടയിൽ, ആളുകളെയും കന്നുകാലികളെയും ചക്കിൽ കെട്ടി കരിമ്പാട്ടിയെടുത്ത ശർക്കരയിൽ ജന്മിത്വത്തിന് ഉണ്ടായതാണ് നാം കൊട്ടിഘോഷിക്കുന്ന അടപ്രഥമൻ പോലും.

മുളക് (കുരുമുളക് അല്ല), ചെറിയുള്ളി, സവാള, വെളുത്തുള്ളി, ജീരകം, കടുക് ഇവ ഒന്നും തന്നെ നമ്മുടെ നാട്ടിൽ ഉണ്ടാവുന്നവ നേരത്തെ ഉണ്ടായിട്ടുമില്ല. ഇതിൽ നാം ഇപ്പോൾ ഉപയോഗിക്കുന്ന തരം മുളകാകട്ടെ കേരളത്തിൽ പോയിട്ട് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഇവയൊന്നും ഇല്ലാതെ നാം എങ്ങനെ സദ്യ ഉണ്ടാക്കും? നാം നമ്മുടേതെന്ന് കരുതുന്ന ഏതാണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ലോകത്തിൻറെ പല ഭാഗത്തുനിന്നും നാം സ്വീകരിച്ചു നമ്മുടെ തീൻമേശയിൽ എത്തിച്ചതാണ്. രുചിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാം എന്നു മാത്രം.

സത്യത്തിൽ മറ്റൊരു രുചികൾക്ക് നമ്മുടെ തീൻമേശയിൽ സ്വാഗതം ഓതുന്നത് ഒരു മോശപ്പെട്ട കാര്യമേ അല്ല. നമ്മുടെ അപ്പവും പുട്ടും ബിരിയാണിയും മാത്രമല്ല ഭക്ഷണം പാചകം ചെയ്യാനും അവ സൂക്ഷിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ പോലും നാം മറ്റുള്ളവരിൽ നിന്നും കടംകൊണ്ടതാണ്. ഉദാഹരണത്തിന് പാലപ്പവും മുട്ടറോസ്റ്റും ചായയും കഴിക്കുമ്പോൾ മിനിമം ദ്രാവിഡ, ജൂത, സിറിയൻ ക്രിസ്ത്യൻ, ബ്രിട്ടീഷ്, ചൈനീസ് സംസ്കാരമാണ് ഒന്നിച്ച് വിഴുങ്ങുന്നത്.

Pazhayidom Mohanan Namboothiri, Dr. Anish Thekkumkara
'ആനയെ നോക്കൂ..., വെജിറ്റേറിയന്‍കാർക്ക് ശക്തിയില്ലെന്ന് പറയുന്നത് തെറ്റ്; ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്'

ഇനി ആരോഗ്യത്തിന്റെ കാര്യം എടുത്താൽ, ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളെ രോഗികളാക്കുന്ന ഭക്ഷ്യ ഘടകം, കാർബോഹൈഡ്രേറ്റുകൾ ഇത്രയും അടങ്ങിയിട്ടുള്ള ഭക്ഷണം, സദ്യ പോലെ മറ്റൊന്നുമുണ്ടാകില്ല. തൊടുകറികൾ എന്നത് ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചോറ് തൊട്ടു കഴിക്കുന്നതിനുള്ള ഉപാധികൾ മാത്രം. കൂടാതെ പലതരത്തിലുള്ള പായസങ്ങളും. ആഹാരം സമീകൃതമാക്കുകയാണ് വേണ്ടത്. അങ്ങനെ അല്ലാത്തവ രുചികരമാണെങ്കിൽ ഇടയ്ക്ക് വല്ലപ്പോഴും കഴിക്കാം. അത്തരത്തിൽ സമീകൃതം അല്ലാത്ത ആഹാരങ്ങളുടെ കൂട്ടത്തിൽ പൊറോട്ടയും അൽഫാമും മാത്രമല്ല കേരള സദ്യയും പെടും. പൊറോട്ടയെയും അൽഫാമിനെയും സമീകൃതമാക്കാൻ എളുപ്പമാണ്. അതിൻറെ കൂടെ മറ്റ് ഘടകങ്ങൾ കൂടി ചേർത്ത് കഴിക്കാം. കേരള സദ്യയെ സമീകൃതമാക്കുക എളുപ്പമല്ല. അതിനോട് ഒന്നും ചേർക്കരുത് എന്ന് മാത്രമല്ല പല കാര്യങ്ങളും ഒഴിവാക്കുകയും വേണം.

മനുഷ്യൻ ചരിത്രപരമായി വെജിറ്റേറിയൻ ആയിരുന്നില്ല, നോൺ വെജിറ്റേറിയൻ ആയിരുന്നു എന്നതും. ആ നോൺ വെജിറ്റേറിയൻ ഭക്ഷണ ശീലങ്ങളാണ് മനുഷ്യനെ അതിജീവനത്തിന് സഹായിച്ചതെന്നും ഉള്ള വസ്തുതകൾ ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. ആദിമ മനുഷ്യൻ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ വേട്ടയാടുന്നതിന് വേണ്ടിയുള്ളതായിരുന്നു എന്ന് മാത്രമല്ല ജന്തുജന്യ ഭക്ഷണത്തിലൂടെ മാത്രം ലഭിക്കുന്ന സയാനോ കൊബാലമീൻ പോലെയുള്ള വിറ്റാമിനുകൾ മനുഷ്യർക്ക് കൂടിയേ കഴിയൂ. പാൽ, തൈര് പോലെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം വെള്ളപൂശി കഴിക്കുന്നതുകൊണ്ടാണ് വെജിറ്റേറിയൻ വലിയ പ്രശ്നമില്ലാതെ പോകുന്നത്.

Pazhayidom Mohanan Namboothiri, Dr. Anish Thekkumkara
ഗുണങ്ങള്‍ മാത്രമല്ല, ചില പാര്‍ശ്വഫലങ്ങളും എബിസി ജ്യൂസിനുണ്ട്

നബി: വാഴയിലയിൽ ചൂടു ചോറു വീഴുമ്പോൾ അതിൽ നിന്നും ആൽക്കലോയിഡുകളും ഫ്ലാവനോയിഡുകളും ഫൈറ്റൊ ഈസ്ട്രജനും ബഹിർഗമിച്ച് ചോറിനേ ഔഷധഗുണം ഉള്ളതും ആയുരാരോഗ്യപ്രദായിനിയും ആക്കും എന്ന സ്ഥിരം തള്ള് നിരോധിച്ചിരിക്കുന്നു.

Summary

Dr. Anish Thekkumkara critises Pazhayidom Mohanan Namboothiri's statement about malayalees food habits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com